Skip to main content

കോട്ടപ്പുറം മാർക്കറ്റിലെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കി

കൊടുങ്ങല്ലൂർ കോട്ടപ്പുറം മാർക്കറ്റിൽ സ്വകാര്യ വ്യക്തികൾ നടത്തിയ അനധികൃത കോൺക്രീറ്റ് നിർമ്മാണം നഗരസഭ ചെയർമാൻ കെ ആർ ജൈത്രന്റ അടിയന്തിര നിർദ്ദേശത്തെ തുടർന്ന് ഒറ്റ ദിവസം കൊണ്ട് പൊളിച്ചു മാറ്റി. മാർക്കറ്റിലെ അനധികൃത നിർമ്മാണം മൂന്ന് ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർമാൻ നിർദേശിച്ചിരുന്നു. നിലവിൽ അനുമതിയില്ലാത്തതും നേരത്തെയുള്ള ധാരണകൾക്ക് വിരുദ്ധമായി നിർമ്മിച്ചിട്ടുള്ളതുമായ കോൺക്രീറ്റ് പില്ലറുകളും ഫൗണ്ടേഷനും മേൽക്കൂരയിടാനുള്ള ഇരുമ്പ് ഫ്രെയിമുകളും പൊളിച്ചു നീക്കുന്നതിന് എഞ്ചിനീയറെയും ചുമതലപ്പെടുത്തുകയും ചെയ്തു.
മാർക്കറ്റിൽ വർഷങ്ങളായി താൽക്കാലിക ഷെഡുകൾ നിർമ്മിച്ച് പല സ്വകാര്യ വ്യക്തികളും കച്ചവടം ചെയ്തിരുന്നു. നഗരസഭയ്ക്ക് വാടക നൽകാതെയാണ് അനധികൃത നിർമ്മാണം നടത്തി ഇവർ കച്ചവടം ചെയ്തിരുന്നത്. മാത്രമല്ല മാർക്കറ്റിലേയ്ക്കുള്ള റോഡിലും മാർഗതടസ്സമുണ്ടാക്കിയാണ് കച്ചവടം. ചന്തയിൽ വരുന്നവർക്ക് നടക്കുവാൻ പോലും കഴിയാത്ത വിധത്തിൽ പല വ്യക്തികളും റോഡും മാർക്കറ്റും കയ്യേറി നടത്തുന്ന കച്ചവടവും ഷെഡുകളും ഈയിടെ നഗരസഭ ചെയർമാൻ ഇടപെട്ട് പൊളിച്ചുമാറ്റിയിരുന്നു. വർഷങ്ങളായി കച്ചവടം ചെയ്തിരുന്ന മൂന്ന് പേർക്ക്, പൊളിച്ച് മാറ്റിയ ഷെഡിന്റെ സ്ഥാനത്ത് നഗരസഭ പൈപ്പും ഷീറ്റും ഉപയോഗിച്ച് താൽക്കാലിക ഷെഡ് നിർമ്മിച്ചു കൊടുക്കാമെന്ന് കൗൺസിലിലെ കക്ഷി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ധാരണയുണ്ടാക്കിയിരുന്നു. തുടർന്ന് നഗരസഭ പ്രവൃത്തി ചെയ്യുന്നതിന് പകരം, കച്ചവടക്കാർ അവരുടെ ചെലവിൽ ഷെഡ് നിർമ്മിക്കാമെന്നും ചെലവ് വരുന്ന തുക വാടകയിൽ ക്രമപ്പെടുത്താനും തീരുമാനിച്ചു. എന്നാൽ വ്യവസ്ഥകൾക്ക് വിപരീതമായാണ് കോൺക്രീറ്റ് പില്ലറുകളും കോൺക്രീറ്റ് അടിത്തറയും നിർമ്മിച്ച് മുസിരിസ് പൈതൃകരീതിക്ക് വിരുദ്ധമായി അനധികൃതമായ നിർമ്മാണം നടത്തിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. തുടർന്ന് പണി നിർത്തിവെപ്പിച്ച്, ഒരു ദിവസം കൊണ്ട് തന്നെ എല്ലാ നിർമ്മാണവും പൂർണ്ണമായും പൊളിച്ച് നീക്കി. കോട്ടപ്പുറം ചന്തയെ മുസിരിസ് മാതൃകയിൽ സംരക്ഷിക്കുകയും അനധികൃതമായി നടത്തുന്ന നിർമ്മാണങ്ങളും കച്ചവടങ്ങളും ഒഴിവാക്കി ജനോപകാരപ്രദമായി നിലനിർത്തുവാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
 

date