Skip to main content

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവം. 3 മുതൽ 5 വരെ: മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന കേരള സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 3, 4, 5 തിയതികളിൽ കുന്നംകുളത്ത് നടത്തുമെന്നും ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ജനറൽ കൺവീനറും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുമായ സി എ സന്തോഷ് തൃശൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ മൂന്ന് രാവിലെ 9 ന് കുന്നംകുളം നഗരസഭ ടൗൺഹാളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ശാസ്‌ത്രോത്സവത്തിന് പതാക ഉയർത്തും. തുടർന്ന് 9.30 ന് അതേവേദിയിൽ തദ്ദേശ സ്വയംഭരണവകുപ്പ്മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും. കൃഷി വകുപ്പ്മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും.
ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ടി എൻ പ്രതാപൻ എം പി, എം എൽ എമാരായ കെ വി അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, ഗീതാഗോപി, അനിൽ അക്കര, കെ യു അരുണൻ, ബി ഡി ദേവസി, യു ആർ പ്രദീപ്, വി ആർ സുനിൽ കുമാർ, ഇ ടി ടൈസൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി എം സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, ഐടി പ്രവൃത്തിപരിചയ മേളകളാണ് ശാസ്‌ത്രോത്സവത്തിൽ നടത്തുക. മേളയിൽ പതിനായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. കുന്നംകുളം ഗവ മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ബഥനി ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ്, പെരുമ്പിലാവ് ടി എം വി എച്ച് എസ് എസ്, ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ്, കുന്നംകുളം ബി സി ജി എച്ച് എസ് എസ് എന്നീ വിദ്യാലയങ്ങളിലാണ് ശാസ്‌ത്രോത്സവത്തിന്റെ വേദികൾ. ശാസ്ത്രമേളയുടെ ഭാഗമായി മത്സരങ്ങളുടെ വിവരങ്ങളും ഫല പ്രഖ്യാപനവും വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും.
രാവിലെ 10 മുതൽ എല്ലാ വേദികളിലും മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ വേദികളിൽ പ്രദർശനങ്ങളും ഉണ്ടാകും. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭ ടൗൺഹാളിൽ വൊക്കേഷണൽ എക്‌സ്‌പോ കരിയർ ഫെസ്റ്റ് കരിയർ സെമിനാറും സംഘടിപ്പിക്കും. എക്‌സ്‌പോ പ്രദർശനത്തോടൊപ്പം വിപണനവും ഉണ്ടാകും. പൂർണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചു നടത്തുന്ന ശാസ്ത്രമേളയാണിത്. 5 ന് വൈകീട്ട് നാലിന് നഗരസഭ ടൗൺഹാളിൽ രമ്യ ഹരിദാസ് എം പി ശാസ്ത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭ ചെയർ പേഴ്‌സൻ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ബെന്നി ബെഹന്നാൻ എം പി സമ്മാനദാനം നിർവഹിക്കും. കോർപറേഷൻ മേയർ അജിത വിജയൻ ശാസ്‌ത്രോത്സവരേഖ പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാർ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജോയിന്റ് ജനറൽ കൺവീനറായ ഡിഡിഇ എൻ ഗീത, കൺവീനർ വി എ കരീം, പബ്ലിസിറ്റി കൺവീനർ ടി ജെ ഐസക്, മീഡിയ കമ്മിറ്റി ചെയർമാൻ കെ പ്രഭാത് തുടങ്ങിയവരും പങ്കെടുത്തു.

date