Skip to main content

ജനനി സ്‌നേഹസംഗമം നാളെ ( നവംബര്‍ ഒന്നിന്)

 

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ ഗവ. ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന 'ജനനി' പദ്ധതി കുടുംബാംഗങ്ങളുടെ സ്‌നേഹസംഗമം നവംബര്‍ ഒന്നിന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയാകും. ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ ജമുന മുഖ്യ പ്രഭാഷണം നടത്തും. ജനനി പദ്ധതി കണ്‍വീനര്‍ ഡോ. എസ് സുനില റിപ്പോര്‍ട്ട് അവതരിപ്പിക്കും.

വന്ധ്യത നിവാരണത്തിന് ലളിതവും ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങളില്ലാത്തതും സമഗ്രവുമായ ഹോമിയോപ്പതി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ജനനി. ഈ പദ്ധതി പ്രകാരം ചുരുങ്ങിയ കാലയളവിനുള്ളില്‍ നല്‍കിയ ചികിത്സയുടെ ഫലമായി,  ജില്ലയില്‍ 291 സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സാധ്യമാവുകയും 182 കുട്ടികള്‍ ജനിക്കുകയും ചെയ്തു. പദ്ധതിയുടെ വിജയം ആഘോഷിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുഞ്ഞുങ്ങള്‍ ഉണ്ടായ കുടുംബം മുതല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട  മുഴുവന്‍ ആളുകളുടെയും കുടുംബ സംഗമം കൂടിയാവും ജനനി സ്നേഹസംഗമം. ഐവിഎഫ്, ഐസിഎസ് ഐ തുടങ്ങിയ ചെലവേറിയ പല ചികിത്സകളും നടത്തിയിട്ടും ഫലമുണ്ടാകാത്തവരും സ്ത്രീ പങ്കാളിയ്ക്ക് 40 വയസ്സിന് മുകളിലുള്ളവരും 10 വര്‍ഷത്തിന് മുകളില്‍ ദാമ്പത്യ ജീവിതം പിന്നിട്ടവരും ജനനി പദ്ധതിയിലൂടെ കുട്ടികളുണ്ടായ വരും ഉള്‍പ്പെടും.

ചികിത്സ തേടിയ ദമ്പതികള്‍ക്ക് മാനസിക ഉല്ലാസം നല്‍കാന്‍ ലക്ഷ്യമിട്ടാണ് സമ്മാനങ്ങളും മറ്റും നല്‍കി ജില്ലാ പഞ്ചായത്ത്  വേറിട്ട പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

ആശുപത്രി സൂപ്രണ്ട് ഡോ. വി അബ്ദുസ്സലാം, ജനനി പദ്ധതി കണ്‍വീനര്‍ ഡോ. എസ് സുനില, മെഡിക്കല്‍ ഓഫീസര്‍ ഡോ. എം റീന, പ്രോഗ്രാം കണ്‍വീനര്‍ ഡോ. ടി വി ശ്രീലേഖ, സീതാലയം കണ്‍വീനര്‍ ഡോ. എസ് ബിന്ദു എന്നിവരും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.  

 

ജില്ലാ ആയുര്‍വേദ ആശുപത്രി കെട്ടിട
പ്രവൃത്തി ഉദ്ഘാടനം നവംബര്‍ 2ന്

 

 

ജില്ലാ ആയുര്‍വേദ ആശുപത്രിക്കുവേണ്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം ഉദ്ഘാടനം നവംബര്‍ രണ്ടിന് വൈകിട്ട് 4.30ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയെ കൂടാതെ സ്പന്ദനം പദ്ധതി, എ സി ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ ആശുപത്രി എന്നിവക്കു കൂടിയാണ് പുറക്കാട്ടിരി പാലോറ ബൈപ്പാസിന് സമീപത്തെ നാലേക്കര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്.

 5000 ചതുരശ്ര അടി വീതമുള്ള രണ്ട് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് രണ്ട് കോടിയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. ജില്ലാ ആശുപത്രിയില്‍ ഒരു കോടിയുടെ ജെറിയാട്രിക് വാര്‍ഡ് നിര്‍മ്മാണത്തിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സ്പന്ദനം പദ്ധതിക്ക് കുട്ടികളെ ചികിത്സാ സംവിധാനമുള്ള ഒരു കോടിയുടെ കെട്ടിടവും നിര്‍മ്മിക്കും. ദേശീയപാത ബൈപ്പാസില്‍ നിന്ന് ആശുപത്രിയിലേക്കുള്ള റോഡ് നിര്‍മ്മാണവും ഗേറ്റ് നിര്‍മ്മാണവും ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് ഒന്നര കോടിയാണ് അനുവദിച്ചത്.  കോഴിക്കോട് ഭട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയില്‍ 100 കിടക്കകളുള്ള കിടത്തി ചികിത്സയും 500 ഓളം ഒപി വിഭാഗ ചികിത്സയും നടക്കുന്നുണ്ട്. ഇവിടെ വികസനത്തിന് സാധ്യതയില്ലാത്തതിനാലാണ് ഇപ്പോള്‍ ആശുപത്രി അനക്‌സ് ആയി പ്രവര്‍ത്തിക്കുന്ന പാലോറ ബൈപ്പാസിന് സമീപം പുറക്കാട്ടിരിയില്‍ ഗവ. ആയുര്‍വേദ പരിസരത്ത് കെട്ടിടം നിര്‍മ്മിക്കുന്നത്.

പുറക്കാട്ടിരിയില്‍ ഗവ. ആയുര്‍വേദ പരിസരത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എല്‍എസ്ജിഡി എക്‌സി. എഞ്ചിനിയര്‍ കെ ജി സന്ദീപ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഐഎസ്എം ഡിഎംഒ ഡോ. മണ്‍സൂര്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡിപിഎം ഡോ. സുഗേഷ്‌കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

date