Skip to main content

പ്രകൃതിദുരന്തങ്ങള്‍; സഹായവാഗ്ദാനവുമായി  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അടിയന്തരമായി സമൂഹത്തിലേക്ക് എത്തിക്കേണ്ട അറിയിപ്പുകളും വിവരങ്ങളും നല്‍കുന്നതിന് ആവശ്യമായ പിന്തുണ നല്‍കാമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റാന്നി യൂണിറ്റ് ജില്ലാ കളക്ടര്‍ പി ബി നൂഹിനെ അറിയിച്ചു. 2018ലെ മഹാപ്രളയം റാന്നിയെ  വിഴുങ്ങിയിരുന്നു. ഇനിയൊരു ദുരന്തം സംഭവിക്കാതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഏവര്‍ക്കും കഴിയണം. അതിനായി ജില്ലാ ഭരണകൂടത്തിനെ സഹായിക്കാന്‍ തയ്യാറാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റാന്നി യൂണിറ്റ് ജനറല്‍ സെക്രട്ടറി സി വി മാത്യു ജില്ലാ കളക്ടറെ സന്ദര്‍ശിച്ചു അറിയിച്ചു. 

ദുരന്ത സമയങ്ങളില്‍ നാട്ടിലുള്ള എല്ലാ സേവനങ്ങളും ജില്ലാ ഭരണകൂടം സ്വീകരിക്കാറുണ്ട്. അത്തരത്തില്‍ ജനങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുവാന്‍ സഹായമായെത്തുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവൃത്തിയെ സ്വാഗതം ചെയ്യുന്നതായി കളക്ടര്‍ പറഞ്ഞു.

ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്‌കുകള്‍ എന്നിവയുടെ സൗണ്ട് സിസ്റ്റത്തിലൂടെയും പള്ളി മണികളിലൂടേയും സൗണ്ട് സിസ്റ്റം ഉടമകളുടെ സഹകരണത്തോടെയും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയും അറിയിപ്പുകള്‍ വ്യാപാരികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. അറിയിപ്പുകള്‍ ദുരന്തനിവാരണം വഴി വ്യാപാരികള്‍ക്കും ലഭ്യമാക്കുമെന്നും ഇതുപോലെയുള്ള കൂട്ടായ്മകള്‍ ഒന്നിച്ചു നില്‍ക്കുവാന്‍ ശക്തി പകരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

date