Skip to main content
മുണ്ടൂര്‍ ഹൈസ്‌കൂളില്‍ ആരംഭിച്ച പറളി ഉപജില്ലാ കലോത്സവം ഗസല്‍ ഗായിക സുനിത നെടുങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

ഗാന്ധിയന്‍ സ്മരണകള്‍ ഉണര്‍ത്തി പറളി ഉപജില്ലാ കലോല്‍സവത്തിന് തുടക്കമായി

 

കലയുടെ മേളത്തുടിപ്പുകള്‍ക്കൊപ്പം ഗാന്ധിയന്‍ ആദര്‍ശങ്ങളേയും ചേര്‍ത്തുനിര്‍ത്തി പറളി ഉപജില്ലാ കലോല്‍സവത്തിന് തുടക്കമായി. മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് ഗസല്‍ ഗായിക സുനിത നെടുങ്ങാടി തിരിതെളിച്ചു. മുണ്ടൂര്‍ ഹൈസ്‌കൂളില്‍ തയ്യാറാക്കിയ 13 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഗാന്ധിയന്‍ സ്മരണകളെ ഉണര്‍ത്തി ബാപ്പുജി, മഹാത്മാ, എന്നീ പേരുകളിലും ഗാന്ധിയന്‍ ആശയങ്ങളായ സത്യം, അഹിംസ എന്നീ പേരുകളിലും ഗാന്ധിജിയുടെ പത്രങ്ങളായ നവജീവന്‍, സ്വരാജ്  തുടങ്ങി ഗാന്ധിയുടെ പ്രസ്ഥാനങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ച് സബര്‍മതി, പോര്‍ബന്തര്‍, സര്‍വോദയ, സേവാഗ്രാം,  കൗമുദി, വാര്‍ധ, ഖാദി, മോനിയ എന്നിങ്ങനെയാണ് വേദികള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.

ഗാന്ധിയന്‍ സ്മൃതികള്‍ക്കൊപ്പം പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് കലോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. വേദികളിലേക്കുള്ള ദിശാബോര്‍ഡുകള്‍, വേദികളുടെ പേരുകള്‍ എന്നിവ ഓലയില്‍ നെയ്ത ചട്ടകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. കലോല്‍സവ വേദിയിലെ അലങ്കാരങ്ങളും തോരണങ്ങളുമെല്ലാം തികച്ചും പരിസ്ഥിതി സൗഹൃദം തന്നെയാണ്. കൂടാതെ കലോല്‍സവ വേദിയിലെത്തുന്നവര്‍ക്ക് പ്ലാസ്റ്റിക് സഞ്ചിയുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്ന സന്ദേശത്തോടെ തുണി സഞ്ചികളും വിതരണം ചെയ്യുന്നുണ്ട്. പറളി വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിലെ 54 വിദ്യാലയങ്ങളില്‍ നിന്നായി 4000ത്തോളം വിദ്യാര്‍ഥികളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്.

പരിപാടിയില്‍ മുണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.കുട്ടികൃഷ്ണന്‍ അധ്യക്ഷനായി. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍, അധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. നവംബര്‍ ഒന്നിന് കലോല്‍സവം സമാപിക്കും.
 

date