Skip to main content

ബാലാവകാശ കമ്മീഷന്റെ  'ഊരുണര്‍ത്തല്‍' പരിപാടി ഇന്ന്

 

ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ''ഊരുണര്‍ത്തല്‍''പരിപാടി ജില്ലയില്‍ ഇന്ന് (ഒക്‌ടോബര്‍31) സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 ന് മമ്പാട് ഐ.കെ ഓഡിറ്റോറിയത്തില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരിക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രളയം ബാധിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കമ്മീഷനില്‍ നേരിട്ട് അറിയിക്കാനുള്ള അവസരവും പരിപാടിയിലുണ്ട്. പ്രളയത്തില്‍ ദുരിതബാധിതരായ ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി പൊതുജനങ്ങള്‍, സംഘടനകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കമ്മീഷന്‍ സമാഹരിച്ച പഠനോപകരണങ്ങളും വിതരണം ചെയ്യും. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ പോഷണ നിലവാരം, കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ എന്നിവയെ കുറിച്ച് മനസിലാക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമാണ് ''ഊരുണര്‍ത്തല്‍'' സംഘടിപ്പിക്കുന്നത്. ഗോത്ര വിഭാഗങ്ങളുള്ള എല്ലാ ജില്ലകളിലും ഊരുണര്‍ത്തല്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
 

date