Skip to main content

മാനാഞ്ചിറയില്‍ മലയാളത്തിന് ആദരം ; കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡിന്റെ സൈക്കിള്‍ യജ്ഞത്തിന് തുടക്കമായി 

 

 

കനത്ത മഴ വകവയ്ക്കാതെ, കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തിന് ആദരമര്‍പ്പിച്ച് എന്‍.എസ്.എസ്, സൈക്കിള്‍ ബ്രിഗേഡ് വളണ്ടിയര്‍മാര്‍ മാനാഞ്ചിറ മൈതാനിയില്‍ കേരളത്തിന്റെ പ്രതീകാത്മക ചിത്രം തീര്‍ത്തു. ഹരിത സൗഹൃദ നവകേരളനിര്‍മാണത്തിനായി സൈക്കിള്‍ യജ്ഞം എന്ന സന്ദേശവുമായി 63 സൈക്കിളുകള്‍ കൊണ്ട് തീര്‍ത്ത കേരളത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ എ.കെ.പി.എ കോഴിക്കോട് നോര്‍ത്ത് മേഖലയിലെ 63 ഫോട്ടോ ആക്ടീവിസ്റ്റുകളുമെത്തി. കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 63 ദിന സൈക്കിള്‍ യജ്ഞത്തിന് തുടക്കം കുറിച്ച കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡാണ് പരിപാടി സംഘടിപ്പിച്ചത്. 

 

സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നവകേരള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഘട്ടം എന്ന നിലയില്‍ ഈ വര്‍ഷത്തെ കേരളപ്പിറവിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ആമുഖപ്രസംഗം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സാമൂഹ്യ സേവനരംഗത്തും പരിസ്ഥിതി വിഷയങ്ങളിലും പ്രതിബദ്ധതയോടെ ഇടപെടുന്ന,  മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നല്ല തലമുറ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് സൈക്കിള്‍ ബ്രിഗേഡ് പോലുളള പരിപാടികള്‍ ആവിഷ്്ക്കരിച്ച് നടപ്പാക്കുന്നത്. വാഹന ഉപയോഗം പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ നിന്ന് പുതിയ തലമുറയെ സൈക്കിള്‍ ഉപയോഗിക്കുന്നതിലേക്ക് തിരിച്ചെത്തിക്കാനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാടിന്റെ എല്ലാവിധ പ്രശ്‌നങ്ങളിലും സേവനസന്നദ്ധരായി പ്രവര്‍ത്തിക്കാന്‍ യുവജനതയെ പ്രാപ്തരാക്കും. ഇതിനായി എന്‍.എസ്.എസ് വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 1000 പേരടങ്ങുന്ന റസ്‌ക്യൂ ടീം ജില്ലയില്‍ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കൊയിലാണ്ടിയില്‍ നിന്ന് സൈക്കിളുമായി എത്തിയ എം.സി.സി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആഷില്‍ പ്രകാശിനെ ചടങ്ങില്‍ അനുമോദിച്ചു. 

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാകലക്ടര്‍ സാംബശിവ റാവു, കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ മീരദര്‍ശക് തുടങ്ങിയവര്‍ ചേര്‍ന്ന് സൈക്കിള്‍ യജ്ഞത്തിന് തുടക്കം കുറിച്ചു. ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ്, ഗ്രീന്‍ കെയര്‍ മിഷന്‍, ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ച് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സന്നദ്ധരായ, കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഹരിതകേരള മിഷന്‍, ആസ്റ്റര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ സഹകരണവും പരിപാടിക്ക് ഉണ്ടാകും. 63 ദിവസങ്ങളിലായി ജില്ലയിലെ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ശുചീകരണം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ചടങ്ങില്‍ ജെ.സി.ഐ സോണല്‍ 21 ന്റെ ഗോ ഗ്രീന്‍ ട്രീ ചലഞ്ചിന്റെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് മാവിന്‍ തൈകള്‍ വിതരണം ചെയ്തു. കൊച്ചിന്‍ ബേക്കറി ഒരുക്കിയ ഭീമന്‍ പിറന്നാള്‍ കേക്കും പരിപാടിക്കെത്തിയവര്‍ക്ക് വിതരണം ചെയ്തു. 

 

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ ഒ.രാജഗോപാല്‍, ഹയര്‍സെക്കന്ററി റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഗോകുലകൃഷ്ണന്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബോസ് ജേക്കബ്, ഗ്രീന്‍ കെയര്‍ മിഷന്‍ ചെയര്‍മാന്‍ കെ.ടി.എ നാസര്‍, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ എസ് ശ്രീജിത്ത്, സിറ്റി ക്ലസ്റ്റര്‍ കണ്‍വീനര്‍ എം.കെ ഫൈസല്‍, കെ.എം റഫീഖ്, ഗ്രാന്റ് സൈക്കിള്‍ കോര്‍ഡിനേറ്റര്‍ സാഹിര്‍ അബ്ദുള്‍ ജബ്ബാര്‍, ആസ്റ്റര്‍ മിംസ് സി.ഒ.ഒ സമീര്‍ പി.ടി, ആസില്‍ സൈക്കിള്‍ ട്രേഡേഴ്‌സ് എം.ഡി ഷഫീഖ്, കൊച്ചിന്‍ ബേക്കറി എം.ഡി രമേഷ്, സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രഫി ഡയറക്ടര്‍ ജ്യോതിഷ്‌കുമാര്‍, ജെ.സി.ഐ ഗോഗ്രീന്‍ ഇസഡ്.എ ഹുസൈന്‍ സി തുടങ്ങിയവര്‍ സംസാരിച്ചു. 

 

 

 

 

പ്രൊബേഷന്‍ അസിസ്റ്റന്റ് കൂടിക്കാഴ്ച

 

 

 

സാമൂഹ്യനീതിവകുപ്പിനു കീഴിലെ കോഴിക്കോട്  ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റായി കരാര്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചക്ക്  ക്ഷണിച്ചു. യോഗ്യത : എം.എസ്.ഡബ്ല്യൂ, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം(കോഴിക്കോട് ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന) പ്രായപരിധി:  കൂടിക്കാഴ്ച തിയ്യതിയില്‍ 40 വയസ്സ് കവിയാന്‍ പാടില്ല. കാലയളവ് : നിയമന തിയ്യതി മുതല്‍ 6 മാസം. ഹോണറേറിയം : പ്രതിമാസം 20,000 രൂപയും യാത്രാചെലവും (പരമാവധി 1000 രൂപ).     

                                                          

താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, ജനനതിയ്യതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാപ്രൊബേഷന്‍ ഓഫീസില്‍ (ബി ബ്ലോക്ക്, അഞ്ചാം നില)കൂടിക്കാഴ്ചക്കായി എത്തണം. ഫോണ്‍:  0495-2373575 

 

 

 

 

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അപേക്ഷ ക്ഷണിച്ചു 

 

 

 

 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വിശദവിവരങ്ങള്‍ക്ക് ആരോഗ്യ കേരളത്തിന്റെ വെബ് സൈറ്റായ www.arogyakeralacm.gov.in സന്ദര്‍ശിക്കുക. യോഗ്യതയുള്ളവര്‍ ഇന്ന് (നവംബര്‍ 1) രാവിലെ 10 മണിക്ക് മുമ്പായി യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം സിവില്‍ സ്റ്റേഷനിലുള്ള ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ എത്തണം.

 

 

 

 

താലൂക്ക്തല പരാതി പരിഹാര അദാലത്ത് 2 ന്

 

 

 

കോഴിക്കോട് താലൂക്ക്തല പരാതി പരിഹാര അദാലത്ത് നാളെ (നവംബര്‍ 2) ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  സിഎംഡിആര്‍എഫ്-എല്‍ആര്‍എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുളള അദാലത്തിലേക്കുളള പരാതികള്‍, അപേക്ഷകള്‍ എന്നിവ അദാലത്തില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. 

 

 

 

 

ഇന്‍ഷൂറന്‍സ് മാന്‍ഡേറ്ററി ചെക്കിംഗ് ; അഭിമുഖം  8 ന്

 

 

 

എച്ച്.പി.സി യുടെ കീഴില്‍ ഫറോക്കിലുളള ഒരു ഗ്യാസ് ഏജന്‍സി മുഖാന്തിരം വീട് തോറും സന്ദര്‍ശിച്ച് നടപ്പില്‍ വരുത്തുന്ന ഇന്‍ഷൂറന്‍സ് മാന്‍ഡേറ്ററി ചെക്കിംഗ് പ്രവൃത്തികള്‍ ചെയ്യാന്‍ താല്പരരായ, കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായ ഇരുചക്രവാഹന ലൈസന്‍സുളള, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്ന യുവതീയുവാക്കളെ നവംബര്‍ എട്ടിന് രാവിലെ എട്ട് മുതല്‍ സിവില്‍ സ്റ്റേഷനിലെ സ്വാഭിമാന്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ക്ഷണിച്ചു. ആവശ്യമായ രേഖകളുടെ ഒറിജിനലും കോപ്പിയും അഭിമുഖത്തിന് കൊണ്ടുവരണം. ഫോണ്‍ - 0495 2372666.

 

 

 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 2 ന്

 

 

 

 കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ രണ്ടിന് രാവിലെ 10.30 ന് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  സ്വകാര്യ സ്ഥാപനത്തിലെ സെറ്റ് എഞ്ചിനീയര്‍, സെറ്റ് സൂപ്പവൈസര്‍, (യോഗ്യത : ബി.ടെക്/ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംങ്ങ്, പുരുഷന്‍മാര്‍), ജെ.സി.ബി കം ടിപ്പര്‍ ഡ്രൈവര്‍ (യോഗ്യത : അഞ്ച് വര്‍ഷ തൊഴില്‍ പരിചയം), സ്വകാര്യ ബാങ്കിലെ സെയില്‍സ് ഓഫീസര്‍ (യോഗ്യത : ബിരുദം) ഒഴിവുകളിലേക്ക്  കൂടിക്കാഴ്ച നടത്തും. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്പര്യമുളളവര്‍ ബയോഡാറ്റ സഹിതം നവംബര്‍ രണ്ടിന് രാവിലെ 10.30ന് സെന്ററില്‍  എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:  0495 2370176.

date