കീട നിയന്ത്രണത്തിന് കടന്നല്‍ കൂട്ടം സജ്ജമായി
നെല്‍പാടങ്ങളിലെ പ്രധാന കീടങ്ങളായ തണ്ടുതുരപ്പന്‍, ഓലചുരുട്ടി പുഴു എന്നിവയെ നിയന്ത്രിക്കുന്നതിന് അനുയോജ്യമായ ജൈവ കീട നിയന്ത്രണ പരിപാടിക്ക് കോട്ടത്തറയിലെ കുറുംബാലക്കോട്ട പാടശേഖരത്തില്‍ തുടക്കമായി. മുട്ടയില്‍ നിന്നും കീടങ്ങള്‍ വിരിയുന്നതിന് മുമ്പ് മുട്ടക്കൂട്ടങ്ങളില്‍ തുളച്ചുകയറി മുട്ടയിടുന്ന ട്രൈക്കോഗ്രമ ഇനത്തില്‍പ്പെട്ട കടന്നല്‍ പ്രാണികളുടെ മുട്ടകാര്‍ഡുകള്‍ നെല്‍വലുകളില്‍ സ്ഥാപിച്ചാണ് കീട നിയന്ത്രണം നടത്തുന്നത്. 50 സെന്റ് സ്ഥലത്ത് 25000 മുട്ടകളടങ്ങിയ ഒരുകാര്‍ഡ് 10 കഷ്ണങ്ങളാക്കി നെല്ലുകള്‍ക്കിടയില്‍ തെങ്ങോലകള്‍ക്കുള്ളിലാക്കി വെക്കുകയും വിരിഞ്ഞിറങ്ങുന്ന ചെറുപ്രാണികള്‍ കീടങ്ങളുടെ മുട്ടക്കൂട്ടങ്ങള്‍ തേടി പോവുകയും കീടങ്ങള്‍ക്കുപകരം മിത്രകീടങ്ങള്‍ കൊണ്ട് പാടശേഖരം സമ്പന്നമാകും. രോഗനിയന്ത്രണത്തിനായി സ്യൂഡോമോണാസും ട്രൈക്കോഡര്‍മ്മയും ചാഴികളുടെ നിയന്ത്രണത്തിനായി ബ്യൂവേറിയയും ഉപയോഗിക്കുന്നു.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഖിലേന്ത്യ ഏകോപിത ജൈവിക കീടനിയന്ത്രണ ഗവേഷണ പദ്ധതിയുടെ ട്രൈബല്‍ സബ്പ്ലാന്‍ സ്‌കീമിന്റെ ഭാഗമായാണ് ജൈവിക കീടനിയന്ത്രണ ഉപാധികളുടെ വിതരണവും പരിശീലനവും സംഘടിപ്പിച്ചത്. കുറുംബാലക്കോട്ട കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍.ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സരോജിനി അധ്യക്ഷത വഹിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ.മധു സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.മമ്മൂട്ടി, കോട്ടത്തറ കൃഷി ഓഫീസര്‍ ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments