Skip to main content

കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കുടുംബശ്രീ ജില്ല മിഷന്റെ കീഴില്‍ സ്മാര്‍ട്ട് അഗ്രി വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍, ഓര്‍ഗാനിക് ഫാര്‍മിംഗ് റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഗ്രികള്‍ച്ചറല്‍ സയന്‍സിലോ, ഓര്‍ഗാനിക് അഗ്രികള്‍ചറിലോ ഡിപ്ലോമയുള്ളവരോ, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന വി.എച്.എസ്.ഇ. അഗ്രികള്‍ച്ചര്‍ കഴിഞ്ഞവര്‍ക്കുള്ള ഫിനിഷിങ് സ്‌കൂള്‍ പ്രോഗ്രാം വിജയിച്ചവരോ, ജൈവ കൃഷിയുമായി ബന്ധപ്പെട്ട സമാന രീതിയിലുള്ള പ്രൊജെക്ടുകളില്‍ കേന്ദ്ര/ സംസ്ഥാന/ പൊതു മേഖല വകുപ്പുകളില്‍ 3 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയം ഉള്ളവരോ ആയ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 31ന് ഉച്ചക്ക് 2മണിക്ക് കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസില്‍ നടക്കുന്ന വാക്ക്- ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2254104  

കയര്‍ ഭൂവസ്ത്ര സെമിനാര്‍ നാളെ

ആലപ്പുഴ: കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നാളെ (നവംബര്‍ 30ന്) ഏകദിന കയര്‍ ഭൂവസ്ത്ര സെമിനാര്‍ നടത്തും. രാവിലെ 10 മുതല്‍ ഹോട്ടല്‍ പാല്‍മിറയിലാണ് സെമിനാര്‍. ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരളയ്ക്കു മുന്നോടിയായാണ് സെമിനാര്‍. ജില്ലയിലെ പ്രാദേശിക സര്‍ക്കാരുകളുടെ മണ്ണ്, ജലസംരക്ഷണ പദ്ധതിയില്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആലപ്പുഴ കയര്‍ പ്രൊജക്ടിന്റെ പരിധിയിലെ പ്രാദേശിക സര്‍ക്കാര്‍ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് സെമിനാര്‍. നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.  
 

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
ആലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബില്റ്റി സ്‌കില്‍ എന്ന വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എംബിഎ/ബിബിഎ, സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്ക്‌സ് എന്നീ വിഷയത്തില്‍ ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. പ്ലസ്ടു/ ഡിപ്ലോമ തലത്തില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ അറിവും ഇംഗ്ലീഷില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ രണ്ടിന് രാവിലെ 11ന് പുറക്കാട് ഐ.റ്റി.ഐ.യില്‍ എത്തണം. വിശദവിവരത്തിന് ഫോണ്‍: 0477 2298118

കെല്‍ട്രോണ്‍: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയിലായിരിക്കും പരിശീലനം. താല്‍പര്യമുള്ളവര്‍ നവംബര്‍ 31നകം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷിക്കാം. വിശദവിവരത്തിന്: ksg.keltron.in ഫോണ്‍: 0471 2325154/4016555

ആനിമേഷന്‍ കോഴിസിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കെല്‍ട്രോണിന്റെ തിരുവനന്തപുരത്തെ വഴുതക്കാട് നോളജ് സെന്ററില്‍ നടത്തുന്ന ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു, ഐ.റ്റി.ഐ., വി.എച്.എസ്.ഇ., ഡിഗ്രി, ഡിപ്ലോമ എന്നിവയാണ് അടിസ്ഥാന യോഗ്യത. വിശദവിവരത്തിന് ഫോണ്‍: 0471 2325154 / 0471 4016555    

ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കെല്‍ട്രോണിന്റെ തിരുവനന്തപുരത്തെ വഴുതക്കാട് നോളജ് സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ്  ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 30നകം അപേക്ഷിക്കണം. വിശദവിവരത്തിന്: ksg.keltron.in  ഫോണ്‍: 0471-2325154/4016555

പനിബാധിതര്‍ 359

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ എണ്ണം 359 ആണ്. ഇതില്‍ 15 പേര്‍ കിടത്തിചികില്‍സ തേടി. വയറിളക്ക രോഗങ്ങളുമായി 52 പേര്‍ ആശുപത്രികളിലെത്തി. തണ്ണീര്‍മുക്കം, വെട്ടക്കല്‍, മാരാരിക്കുളം വടക്ക്, പള്ളിപ്പുറം, തൃക്കുന്നപ്പുഴ എന്നിവടങ്ങളില്‍ നിന്നായി ഡങ്കുപ്പനി സംശയത്തോടെ അഞ്ചു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചേര്‍ത്തലയില്‍ ഒരു ഡങ്കുപ്പനി സ്ഥിരീകരിച്ചു. ചെമ്പുംപുറം, ചേപ്പാട് എന്നിവടങ്ങളില്‍ നിന്നായി എലിപ്പനിയെന്ന സംശയത്തോടെ രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറനാട് നിന്ന് ഒരു മുണ്ടിനീരു കേസും റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.

 

date