ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ മലയാളം അറിയണം: കളക്ടർ
ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ മലയാളം അറിയണം: കളക്ടർ
കാക്കനാട്: ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും ആവലാതി പരിഹരിക്കാനും എല്ലാ ഉദ്യോഗസ്ഥരും മലയാളം അറിഞ്ഞിരിക്കണമെന്ന്
ജില്ലാ കളക്ടർ എസ്.സുഹാസ്. മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മലയാള ഭാഷയിൽ ഫയലുകൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്ന ഓഫീസാണ് കാക്കനാട് സിവിൽ സ്റ്റേഷനെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഫയലുകൾ മലയാളത്തിൽ തന്നെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജില്ലയിലെ താലൂക്കുകളെ ബന്ധിപ്പിച്ച് വീഡിയോ കോൺഫറൻസ് സംവിധാനം നിലവിൽ വരും. നാല് മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും. റീ ബിൽഡ് കേരളയിലും ലൈഫ് മിഷൻ പദ്ധതിയിലും ജില്ല ഒന്നാമതാണ്. ജില്ലയിൽ ജീവനക്കാരുടെ പ്രവർത്തനം മാതൃകാപരമാണെന്നും കളക്ടർ പറഞ്ഞു.
ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കെ.എൽ. മോഹനവർമ്മ, ഡോ.എം.ആർ.മഹേഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
എൽ.എ. ഡപ്യൂട്ടി കളക്ടർ പി.പത്മകുമാർ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ, ഐ.ആന്റ് പി.ആർ.ഡി അസി.എഡിറ്റർ കെ.കെ.ജയകുമാർ എന്നിവർ പ്രസംഗിച്ചു. നവംബർ ഏഴ് വരെയാണ് വാരാചരണം.
സർക്കാർ ജീവനക്കാർ സർഗാത്മക എഴുത്തിന്റെ ഭാഗമാകണം: കെ.എൽ മോഹനവർമ്മ
കാക്കനാട്: സർക്കാർ ഓഫീസുകളിലെ ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്നും ജീവനക്കാർ കണ്ടുമുട്ടുന്ന ഇത്തരം ജീവിതങ്ങളെ സർഗാത്മക സൃഷ്ടികളാക്കി മാറ്റണമെന്നും പ്രശസ്ത സാഹിത്യകാരൻ കെ.എൽ.മോഹനവർമ്മ. കളക്ടറേറ്റിൽ നടന്ന മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനമായ വേദനക്ക് ഒരു ഭാഷയാണുള്ളത്. അത് മാതൃഭാഷയാണ്. ഒരു വ്യക്തിയുടെ ഇത്തരം പ്രശ്നങ്ങളാണ് സർക്കാർ ഓഫീസുകളിൽ ഫയലുകളായി വരുന്നത്. യന്ത്രം എന്ന നോവലിനു ശേഷം സർവീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റ് രചനകളൊന്നും വന്നിട്ടില്ല. മുഴുവൻ ജീവനക്കാരും പ്രഗത്ഭരാണ്. ഓരോ ജീവനക്കാരും തങ്ങൾക്കുണ്ടാകുന്ന അനുഭവങ്ങൾ കഥകളായും കവിതകളായും മാറ്റണം. അതിനു വേണ്ടി ജീവനക്കാർ ആത്മാർത്ഥമായി ശ്രമിക്കണമെന്നും മോഹനവർമ്മ അഭിപ്രായപ്പെട്ടു.
കേരള നവോത്ഥാനം ഭാഷാ നവോത്ഥാനം കൂടിയായിരുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എം.ആർ. മഹേഷ് അഭിപ്രായപ്പെട്ടു. സാമാന്യ ജനത്തിന് മനസിലാകുന്ന ഭാഷയിൽ ഔദ്യോഗിക ഇടപെടൽ നടക്കണമെന്നതാണ് മലയാള ഭാഷ ഭരണഭാഷ യാക്കുന്നതിലൂടെ കേരള സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം ആധുനികമായി തീർന്നത് മാതൃഭാഷയിലുണ്ടായ നവോത്ഥാനത്തിലൂടെയാണ്. ഭരിക്കുന്നവന്റെ ഭാഷയല്ല ഭരണഭാഷ. ആരാണോ ഭരിക്കപ്പെടുന്നത് അവരുടെ ഭാഷയായിരിക്കണം ഭരണ ഭാഷ. ഭാഷാവകാശം ഭരണഘടനാപരവും നിയമപരവുമാണ്. വർണ വിവേചനം പോലെയുള്ള വിപത്താണ് ഭാഷാ വിവേചനമെന്നും മഹേഷ് പറഞ്ഞു.
കഴിഞ്ഞ 12 വർഷങ്ങൾ കൊണ്ട് ആശാവഹമായ പുരോഗതിയാണ് ഭരണഭാഷയുടെ രംഗത്ത് ഉണ്ടായിട്ടുള്ളത്. ഭാഷയിലെ ഫ്യൂഡലിസം ഒഴിവാക്കേണ്ട ഒന്നാണ്. ഭരണഭാഷ നിയതിതമാണ്. അത് പൊലിപ്പിച്ച് എഴുതേണ്ട കാര്യമില്ല. പ്രചുര പ്രചാരമുള്ള ഭാഷയാണ് ഭരണഭാഷക്ക് വേണ്ടത്. ഇതിനായി സ്വാതന്ത്ര്യത്തോടു കൂടി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിലാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാരാചരണം ഏഴിന് സമാപിക്കും.
- Log in to post comments