അപകര്‍ഷതാ ബോധം വെടിഞ്ഞ് മാതൃഭാഷയെ സ്വീകരിക്കണം-ഡോ. മനോജ് കുറൂര്‍
അപകര്‍ഷതാ ബോധം വെടിഞ്ഞ് മാതൃഭാഷയെ സ്വീകരിക്കാന്‍ മലയാളികള്‍ തയ്യാറാകണമെന്ന് കവി ഡോ. മനോജ് കുറൂര്‍ പറഞ്ഞു. കോട്ടയം ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭാഷ മലയാളമാണെന്നു പറയുമ്പോള്‍ നമ്മുടെ സംസ്കാരത്തിന്റെ വാഹനം മലയാള ഭാഷയാണ് എന്നുകൂടിയാണ് അര്‍ത്ഥമാക്കുന്നത്. മലയാളത്തില്‍ കലര്‍പ്പുകളുണ്ട്. തമിഴിന്റെയും സംസ്കൃതത്തിന്റെയും മാത്രമല്ല, മലയാളികള്‍ ഇടപെട്ടിട്ടുള്ള എല്ലാ ജനവിഭാഗങ്ങളുടെയും ഭാഷകളില്‍നിന്ന് എന്തെങ്കിലുമൊക്കെ മലയാളത്തിലും കലര്‍ന്നിട്ടുണ്ട്. മറ്റെല്ലാ ഭാഷകളിലും ഇത്തരത്തില്‍ കലര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. മറ്റു ഭാഷകളിലെ വാക്കുകള്‍ ഉപയോഗിക്കുന്നതു മലയാളത്തിന്റെ പരിമിതിയല്ല.
പക്ഷേ സംസ്കൃതത്തിന്റെയും തമിഴിന്റെയും സ്വതന്ത്രമായ അസ്തിത്വം അംഗീകരിക്കുന്നവര്‍ മലയാളത്തിന് അതു കല്പിച്ചു തരാതിരിക്കുമ്പോഴാണ് ഇത് ഒരു സാംസ്കാരിക പ്രശ്നമാകുന്നത്. സംസ്കൃതത്തിന്റെ സഹായമില്ലാതെ മലയാളം എഴുതാനാവില്ലെന്നും ഇംഗ്ലീഷില്‍നിന്നു വിവര്‍ത്തനം ചെയ്യാന്‍ മലയാളത്തില്‍ പറ്റിയ വാക്കുകളില്ലെന്നുമൊക്കെ അഭിപ്രായങ്ങളുണ്ട്. സ്വയം തോന്നുന്ന ഈ അപകര്‍ഷതാ ബോധമാണ് മാതൃഭാഷയുടെ പരിമിതികളോടുള്ള പുച്ഛമായി
മലയാളികളില്‍ വളരുന്നത്. മലയാളത്തില്‍ എന്തൊക്കെ സാധ്യമാണ് എന്ന അന്വേഷണത്തിനു പോലും മുന്‍വിധികള്‍ തടസം സൃഷ്ടിക്കുന്നു.
സംസ്കൃതമോ തമിഴോ അല്ലാത്ത മലയാളം ഇന്നും സാധ്യമാണ്. പക്ഷേ ഭാഷയെക്കുറിച്ച് നാം പുലര്‍ത്തുന്ന അലസതമൂലം പല കാലങ്ങളിലൂടെ മലയാളത്തില്‍ വികസിച്ചു വന്ന പദസമ്പത്തില്‍ ഏറെയും സമകാലിക വ്യവഹാരങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. മോശപ്പെട്ടവയെന്ന് നാം കണക്കാക്കുന്ന വാക്കുകളിലൂടെ സഞ്ചരിച്ചാല്‍ നമ്മുടെ ബോധത്തെ ഭരിക്കുന്ന സാംസ്കാരിക അടിമത്തം പ്രകടമാകും.
ആദ്യം സംസ്കൃതത്തോടും പിന്നീട് ഇംഗ്ലീഷിനോടും പുലര്‍ത്തിവന്ന വിധേയത്വത്തിന്റെ ഭാഷാബോധത്തിനുള്ളില് നിന്നുകൊണ്ടാണ് ഭരണഭാഷ മലയാളമാക്കുന്നതിന്റെയും മലയാളത്തെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി വീണ്ടും ആലോചിക്കേണ്ടി വരുന്നത്.
വാക്കുകള്‍ ഏതു ഭാഷയില്നിന്നായാലും വാക്യഘടകങ്ങള് ഏതു ഭാഷയിലാണ് എന്നതാണ് പ്രധാനം. അതായത് വാക്കുകളെക്കാള്‍ വാക്യങ്ങള്‍ ആണ് ഭാഷയെ നിര്‍ണ്ണയിക്കുന്നത്. വാക്യഘടന മലയാളത്തില്‍ ആക്കുമ്പോള്ത്തന്നെ പ്രശ്നം പരിഹരിക്കാനാകും -അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാള ഭാഷയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പുതു തലമുറ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. നമ്മുടെ ഭാഷയെയും സാഹിത്യത്തെയും കാലത്തിനനുസരിച്ച് അവയില്‍ സംഭവിക്കുന്ന മാറ്റങ്ങളെയും അടുത്തറിയാനാകണമെന്ന് അദ്ദേഹം പറഞ്ഞു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം.ടി.കെ.വിനീത് ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് കളക്ടര്‍ ശിഖാ സുരേന്ദ്രന്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുല്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്. പി. മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, ഹുസുര്‍ ശിരസ്തദാര്‍ ബി. അശോക് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments