ജില്ലാതല ഭരണഭാഷാ വാരാചരണത്തിന് തുടക്കമായി: മലയാള ഭാഷയുടെ മികവ് തിരിച്ചറിഞ്ഞ് ഉപയോഗിക്കണം: ജില്ലാ കളക്ടര്‍
ആശയവിനിമയത്തിനേക്കാളുപരി ഒരുപടി മുന്നില്‍ നില്‍ക്കേണ്ടത് ഭാഷയുടെ നിലനില്‍പ്പിനാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ഭാഷയെ നാം നോക്കിക്കാണേണ്ട രീതി മാറേണ്ടിയിരിക്കുന്നു. ആശയവിനിമയത്തോടൊപ്പം ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന മികച്ച കവിതകളും സാഹിത്യങ്ങളും ഉണ്ടാകുന്നത് ഭാഷയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കുന്നതിനൊപ്പം ഉയര്‍ന്നതലത്തില്‍ എഴുതുവാനും നമ്മുക്ക് കഴിയണം. മാതൃഭാഷയുടെ മികവ് തിരിച്ചറിഞ്ഞ് ഉപയോഗിക്കണം. ഇപ്പോള്‍ നമ്മളില്‍ പലരും മലയാളം ഉപയോഗിക്കുന്നത് അവിയല്‍ പരുവത്തിലാണ്. നമ്മുടെ സംസ്‌കാരത്തെ മുന്നോട്ടുകൊണ്ടുപോകുന്നതും നിലനിര്‍ത്തുന്നതും ഭാഷയാണ്. മലയാളം ഉള്‍പ്പെടെയുള്ള എല്ലാ ഭാഷകളും ഓരോ ജനതയുടേയും സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്താല്‍ മാത്രമേ ഭാഷ നിലനില്‍ക്കൂ. ഭാവിയില്‍ മലയാള ഭാഷയുടെ വിശുദ്ധി നിലനിര്‍ത്തേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഏറെ ഇഷ്ടമുള്ള കുമാരനാശാന്റെ 'വീണപൂവ്'എന്ന കവിതയുടെ നാലുവരി ചൊല്ലുവാനും കളക്ടര്‍ മറന്നില്ല.
ഭരണഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2019-ലെ ഭരണഭാഷാ സേവന പുരസ്‌കാരത്തിന് ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഡോ.എന്‍ ശ്രീവൃന്ദാനായര്‍, ആര്‍.അഭിലാഷ്, ഐ.അഷറഫ് എന്നിവരെ കളക്ടര്‍ അഭിനന്ദിച്ചു. അടുത്ത വര്‍ഷം ഈ പുരസ്‌ക്കാരം നേടുന്ന മികച്ച ജില്ലയായി മാറുവാനും പത്തനംതിട്ടയ്ക്ക് കഴിയണമെന്നും കളക്ടര്‍ പറഞ്ഞു.
സിനിമാ സംവിധായകന്‍ ഡോ.ബിജു മുഖ്യ പ്രഭാഷണം നടത്തി. ഭരണ നവീകരണത്തില്‍ മലയാള ഭാഷയുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ.വി.വി മാത്യു പ്രഭാഷണം നടത്തി.
എഡിഎം:സജി എഫ് മെന്‍ഡിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ അലക്സ് പി തോമസ്, ഫിനാന്‍സ് ഓഫീസര്‍ എം ഗീതാകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഭരണഭാഷാ വാരാഘോഷം സംഘടിപ്പിക്കുന്നത്. വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ന്(2) രാവിലെ 11ന് പത്തനംതിട്ട പ്രസ് ക്ലബില്‍ മലയാളം പ്രസംഗ മത്സരം നടത്തും. നവംബര്‍ നാലിന് രാവിലെ 11 ന് മലയാളം ക്വിസ്, അഞ്ചിന് രാവിലെ 11 ന് കവിതാലാപനം മത്സരങ്ങളും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസ് ക്ലബില്‍ നടക്കും. നവംബര്‍ അഞ്ചിന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജീവനക്കാര്‍ക്കായി കേട്ടെഴുത്ത് മത്സരം, ഫയല്‍ എഴുത്ത് മത്സരം, കവിതാലാപനം എന്നിവ സംഘടിപ്പിക്കും. വാരാചരണത്തോട് അനുബന്ധിച്ച് ഇംഗ്ലീഷ് വാക്കുകള്‍ക്ക് തുല്യമായ മലയാളം വാക്കുകളുടെ പ്രദര്‍ശനം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പ്രദര്‍ശിപ്പിക്കും.
- Log in to post comments