Skip to main content
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ ഡോ.ബിജു മുഖ്യപ്രഭാഷണം നടത്തുന്നു

ഭാഷയിലെ അശ്ലീലത നിസാരവല്‍ക്കരിക്കുന്നത് അപകടം: ഡോ.ബിജു 

സിനിമകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ഭാഷയിലൂടെ നടത്തുന്ന അശ്ലീലപ്രയോഗങ്ങള്‍ സമൂഹം നിസാരവല്‍ക്കരിക്കുന്നത് ഭാവിയില്‍ വന്‍ദോഷമുണ്ടാക്കുമെന്ന് സംവിധായകന്‍ ഡോ.ബിജു പറഞ്ഞു. സംസ്‌ക്കാരത്തെകൂടി നിര്‍ണയിക്കുന്നതാണ് ഭാഷ. അതുമികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയണം. മലയാള ഭാഷയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്ന സിനിമകള്‍ കാണുന്നതിനും സാഹിത്യങ്ങള്‍ വായിക്കുന്നതിനും ആളുകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിലെ ക്ലാസിക്കല്‍ പദവി ലഭിച്ച ചുരുക്കം ഭാഷകളിലൊന്നാണ് മലയാളം. ഈ പദവി ഭാഷയുടെ പൗരാണികത തെളിയിക്കുന്നതാണ്. കരുത്തുറ്റ ഭാഷയാണ് മലയാളം. മികച്ച സാഹിത്യങ്ങള്‍ ഇവിടെ ഉണ്ടാകുന്നുണ്ടെങ്കിലും നല്ല വായനയ്ക്ക് ആളുകള്‍ കുറവാണ്. വായിക്കുന്ന പുസ്തകങ്ങള്‍, കാണുന്ന സിനിമകള്‍, കലകള്‍ എന്നിവ സംസ്‌കാരത്തിന്റെ അടയാളങ്ങളാണ്. നല്ലവായന, ലൈബ്രറികള്‍, പുസ്തകങ്ങള്‍, സിനിമ എന്നിവ കുറയുന്ന ഇടമാണ് സമകാലിക കേരളം മാറി. സംസ്‌ക്കാരം, ഭക്ഷണം, കലാരൂപം, ജീവിത ശൈലി എന്നിവ ഭാഷയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇംഗ്ലീഷ് എന്ന ഭാഷയോട് മലയാളികള്‍ക്ക് വല്ലാത്ത അഭിനിവേശമാണ്. ഈ അഭിനിവേശത്താല്‍ മാതൃഭാഷയെ ഗൗരവമായി കാണുന്നതേയില്ല. എന്നാല്‍ ചൈന, ഫ്രാന്‍സ് പോലെയുള്ള രാജ്യങ്ങള്‍ മാതൃഭാഷയെ അവരുടെ അഭിമാനമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

date