Skip to main content

ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ വികസന സമിതി യോഗം

റോഡുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രാജു ഏബ്രഹാം എംഎല്‍എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. 

തിരുവല്ല ടൗണില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപവും ട്രാഫിക് ഐലന്‍ഡിനു സമീപവും സീബ്രലൈന്‍ കൃത്യമായി മാര്‍ക്ക് ചെയ്യണമെന്ന് മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. കാട്ടുപന്നി ശല്യം മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. മല്ലപ്പള്ളി-വെണ്ണിക്കുളം- പുല്ലാട് റോഡ് ഗതാഗത യോഗ്യമാക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട എന്‍ജിനിയറെ ജില്ലാ കളക്ടര്‍ വിളിച്ചു വരുത്തണമെന്ന് രാജു ഏബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു. റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. തിരുവല്ല-കുമ്പഴ റോഡില്‍ നിരന്തരം അപകടമുണ്ടാകുന്ന കുമ്പനാട് കല്ലുമാലിപടിക്കലെ വളവ് നിവര്‍ത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. വളവ് നിവര്‍ത്തി അപകടാവസ്ഥ ഒഴിവാക്കുന്നതിന് സ്ഥലം ലഭിക്കുമോയെന്ന് പരിശോധിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. 

തിരുവല്ല പെരിങ്ങര പഞ്ചായത്ത് ഓഫീസിനു മുന്നിലെയും ജംഗ്ഷനിലെയും വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. കോലറയാറിലെ ഒഴുക്ക് സുഗമാക്കുന്നതിന് നടപടിയെടുക്കണം. ചെങ്ങരൂര്‍-മങ്കുഴിപ്പടി റോഡ് നവീകരണം പൂര്‍ത്തിയാക്കണം. തിരുമൂലപുരം വാട്ടര്‍ ടാങ്ക് കമ്മീഷന്‍ ചെയ്യണം. തിരുവല്ല കോടതി സമുച്ചയം നിര്‍മാണം വേഗമാക്കണം. കടപ്ര, നിരണം, പെരിങ്ങര പഞ്ചായത്തുകളില്‍ കാന്‍സര്‍ രോഗം കൂടുതലായി കാണപ്പെട്ടതിനു പിന്നിലെ കാരണം കണ്ടെത്താന്‍ എത്രയും വേഗം പഠനം നടത്തണം. തിരുവല്ല സബ് ട്രഷറിയിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് അടിയന്തിര നടപടി വേണം. തിരുവല്ലയില്‍ ഫുട്പാത്ത് കൈയേറിയുള്ള കച്ചവടവും വാഹന പാര്‍ക്കിംഗും അനുവദിക്കരുത്. മുത്തൂരിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ നടപടി വേണമെന്നും മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. 

മണിയാര്‍-കട്ടച്ചിറ-തണ്ണിത്തോട് റോഡിന്റെ എസ്റ്റിമേറ്റ് ഉടന്‍ തയാറാക്കി നല്‍കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. മഠത്തുംചാല്‍-മുക്കൂട്ടുതറ റോഡ് വികസനത്തിന്റെ രണ്ടാംഘട്ടത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നല്‍കണമെന്നും എംഎല്‍എ പറഞ്ഞു. നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ ആദ്യ പാക്കേജില്‍ ഉള്‍പ്പെട്ട പ്രവൃത്തികളുടെ വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി വാട്ടര്‍ അതോറിറ്റി എംഎല്‍എയെ അറിയിച്ചു. 

മണ്ണിടിച്ചിലുണ്ടായ കോന്നി-പൊന്തനാംകുഴി കോളനി നിവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. മലയാലപ്പുഴ പുതുക്കുളം ഭാഗത്ത് കുടിവെള്ളം മുടങ്ങിയിട്ട് നാലു മാസമായി. ഇതിനു പരിഹാരം കാണണം. ഏനാദിമംഗലം മാരൂര്‍ സ്‌കൂളിലെ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. 

തദ്ദേശസ്ഥാപനങ്ങളുടെ ഡിപ്പോസിറ്റ് പ്രവൃത്തികളുടെ പുരോഗതി വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഈമാസം 11ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന  ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അറിയിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. 

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി മഴയത്ത് നടത്താന്‍ പാടില്ലെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു. വടശേരിക്കര-പ്ലാപ്പള്ളി ഉള്‍പ്പെടെ പ്രധാന ശബരിമല റോഡുകളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പമ്പ ആറാട്ടുകടവില്‍ തീരം ഇടിഞ്ഞതിന് പരിഹാരം കാണണം. അപ്പാച്ചിമേട് റോഡില്‍ വഴിവിളക്ക് അറ്റകുറ്റപ്പണി നടത്തണം.  ശബരിമല മാളികപ്പുറത്ത് വിരിവയ്ക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കണം. സ്വാമി അയ്യപ്പന്‍ റോഡിലൂടെ ട്രാക്ടറുകള്‍ കടത്തി വിടുന്നതിന് സമയക്രമം നിശ്ചയിക്കണം. ബെയ്ലി പാലം ഉപയോഗിക്കുന്നതിന് നടപടിയെടുക്കണം. ഇ-ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതിന് പണം വാങ്ങരുത്. ഇടത്താവളങ്ങള്‍ നവീകരിക്കണം. പട്ടികവര്‍ഗ ഊരുകളില്‍ അരിക്കും പയറിനും പുറമേ മറ്റ് ഭക്ഷ്യോത്പന്നങ്ങളും വിതരണം ചെയ്യണമെന്നും അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു. 

സ്വകാര്യബസുകള്‍ റോഡിന്റെ നടുക്ക് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് തടയുന്നതിന് ബസ് ഉടമകളുടെ യോഗം ആര്‍ടിഒ വിളിച്ചു ചേര്‍ക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ ഗതാഗതം തടസപ്പെടുത്തുന്നത് തടയുന്നതിന് പോലീസിന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ കൃത്യമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. താലൂക്ക് വികസന സമിതി യോഗങ്ങളില്‍ ബന്ധപ്പെട്ട താലൂക്ക് തല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ പി.ടി. ഏബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍കുമാര്‍, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ വി.ആര്‍. മുരളീധരന്‍ നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

date