Skip to main content

കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗം കയര്‍ വ്യവസായത്തിന് ഉണര്‍വേകും: കെ വി സുമേഷ് കയര്‍ഭൂവസ്ത്ര ശില്‍പശാല സംഘടിപ്പിച്ചു

കൃഷി, മണ്ണ്, ജല സംരക്ഷണം തുടങ്ങിയവയ്ക്കായി കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നത് പ്രതിസന്ധിയിലായ കയര്‍ വ്യവസായത്തിന് പുത്തനുണര്‍വ് സമ്മാനിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന കയര്‍ഭൂവസ്ത്ര ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പാരിസ്ഥിതിക മാറ്റങ്ങളാണ് ഇന്ന് ഭൂമിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മനുഷ്യന്‍ പ്രകൃതിയെ പരിധിയില്‍ കൂടുതല്‍ ചൂഷണം ചെയ്യുമ്പോള്‍ പ്രകൃതി പ്രതികരിക്കും. അതിന്റെ അനന്തരഫലമാണ് പ്രകൃതി ദുരന്തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയ അറിവുകളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനുള്ള പുനരാലോചനയുടെ ഭാഗമാണ് കയര്‍ ഭൂവസ്ത്ര പദ്ധതി. പരമ്പരാഗത കയര്‍ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിച്ചുകൊണ്ട് വ്യവസായത്തെ ആധുനികവല്‍ക്കരണത്തിലേക്ക് നയിക്കാന്‍ ഇതിലൂടെ സാധിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന നീര്‍ത്തട സംരക്ഷണ പദ്ധതികള്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് കൃഷിയിട സംരക്ഷണം, റോഡുകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയുടെ പാര്‍ശ്വഭിത്തി സംരക്ഷണം തുടങ്ങിയവയ്ക്കെല്ലാം കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കയര്‍ ഭൂവസ്ത്രത്തെ പറ്റി ബ്ലോക്ക്/ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി ബോധവല്‍ക്കരണം നല്‍കാനായി നടത്തിയ ശില്‍പശാലയില്‍ കയര്‍ പ്രൊജക്ട് ഓഫീസര്‍ പി വി രവീന്ദ്രകുമാര്‍ അധ്യക്ഷനായി.
പരിപാടിയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, കയര്‍ വകുപ്പ് പ്രൊജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി ശിവശങ്കരന്‍, നബാര്‍ഡ് എ ജി എം കെ വി മനോജ്കുമാര്‍, ഹരിത കേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കയര്‍ വകുപ്പ് പ്രൊജക്ട് ഓഫീസ് മോണിറ്ററിംഗ് ഇന്‍സ്പെക്ടര്‍ ബോബി അഗസ്റ്റിന്‍, കയര്‍ വികസന വകുപ്പ് ഡയറക്ടറേറ്റ് പ്രതിനിധികളായ വൈ റോബിന്‍സണ്‍, പി രാജേഷ്, എന്നിവര്‍ പങ്കെടുത്തു. കയര്‍ ഭൂവസ്ത്ര വിതാനത്തെക്കുറിച്ച് കയര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ എം അനുരാജ്, തൊഴിലുറപ്പ്- കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതിയെക്കുറിച്ച് തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വി കെ ദിലീപ് എന്നിവര്‍ ക്ലാസെടുത്തു.

date