Skip to main content

വായ്പ മൊറട്ടോറിയം അപേക്ഷ തീയതി നവംബര്‍ 25ന് അവസാനിക്കും

സംസ്ഥാന സര്‍ക്കാര്‍ പ്രളയ ബാധിതമായി പ്രഖ്യാപിച്ച വില്ലേജുകളില്‍ സംസ്ഥാന തല ബാങ്കേഴ്സ് സമിതി നടപ്പാക്കുന്ന വായ്പ മൊറട്ടോറിയത്തന് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 25ന് അവസാനിക്കും. 2019 ജൂലൈ 31 വരെ കുടിശ്ശികയില്ലാത്ത വായ്പകള്‍ക്കാണ് മൊറട്ടോറിയം ആനുകൂല്യം ലഭിക്കുക.  അര്‍ഹരായവര്‍ 25ന് മുമ്പ് വായ്പ എടുത്ത ബാങ്ക് ശാഖയില്‍ അപേക്ഷ നല്‍കണം.
വായ്പ തിരിച്ചടവിന് അവധി/ സാവകാശം നല്‍കുന്നതാണ് മൊറട്ടോറിയം. മൊറട്ടോറിയം കാലത്ത് ബാങ്കുകള്‍ നിലവിലെ പലിശ ഈടാക്കും. കാലാവധിക്കു ശേഷം ഈ പലിശ മുതലിനോട് കൂട്ടിച്ചേര്‍ത്ത് പുതുക്കിയ മാസഗഡു കണക്കാക്കുകയാണ് ചെയ്യുകയെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
ഹ്രസ്വകാല, ദീര്‍ഘകാല കൃഷി വായ്പ, കൃഷി അനുബന്ധ വായ്പ, സൂക്ഷ്മ, ചെറുകിട, ഇടത്തം സംരംഭത്തിനുള്ള വായ്പ, ഭവന, വിദ്യാഭ്യാസ വായ്പകള്‍ എന്നിവക്ക് മൊറട്ടോറിയം ലഭിക്കും. വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറുമാസവും മറ്റുള്ളവയ്ക്ക് 12 മാസം മുതല്‍ 18 മാസം വരെയുമാണ് കാലാവധി. ഹ്രസ്വകാല കൃഷി വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം അടക്കം പരമാവധി അഞ്ചു വര്‍ഷത്തെ തിരിച്ചടവ് കാലാവധി ലഭിക്കും. 
പ്രകൃതിക്ഷോഭത്തില്‍ വിളനഷ്ടം സംഭവിച്ചവര്‍ക്ക് ജില്ലയിലെ ഉല്‍പാദന വായ്പത്തോത് അനുസരിച്ചുള്ള പുതിയ വായ്പകള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.    ദീര്‍ഘകാല കൃഷി വായ്പകള്‍ക്കും കാര്‍ഷിക അനുബന്ധമായ പശു, ആട്, കോഴി വളര്‍ത്തല്‍ മുതലായ വായ്പകള്‍ക്കും 12 മാസം മുതല്‍ 18 മാസം വരെ മൊറട്ടോറിയം ലഭിക്കും. കഴിഞ്ഞ വര്‍ഷം മൊറട്ടോറിയം ലഭിച്ചവരുടെ വില്ലേജ് ഇത്തവണയും പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ഈ വര്‍ഷവും അര്‍ഹതയുണ്ടായിരിക്കും.
കഴിഞ്ഞ വര്‍ഷം അപേക്ഷിക്കാത്തവര്‍ക്ക് കുടിശ്ശിക ഇല്ലെങ്കില്‍ ഈ വര്‍ഷം അപേക്ഷിക്കാം. 25ന് മുമ്പ് അപേക്ഷ നല്‍കിയില്ലെങ്കില്‍ ആനുകൂല്യത്തിനുള്ള അര്‍ഹത നഷ്ടപ്പെടും.
 

date