Skip to main content
തൊടുപുഴ എ പി ജെ എച്ച് എസ് എസ് സ്കൂളിൽ ജില്ലാതല ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു കഥാകൃത്ത് സന്തോഷ്‌ ഏച്ചിക്കാനം സംസാരിക്കുന്നു.

വ്യക്തിയും സമൂഹവുമായുള്ള വിനിമയമാണ് സാഹിത്യം: സന്തോഷ്‌ ഏച്ചിക്കാനം.

 

 

വ്യക്തിയും സമൂഹവുമായുള്ള ഒരു വിനിമയമാണ് സാഹിത്യം എന്ന് പ്രശസ്ത കഥാകൃത്ത് സന്തോഷ്‌ ഏച്ചിക്കാനം. ആശയവിനിമയത്തിനും ഒരു നാടിന്റെ സംസ്കാരം പഠിക്കുന്നതിനും വേണ്ടിയുള്ള ഉപാധികൂടിയാണ് ഭാഷ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കളക്ട്രേറ്റില്‍ തുടക്കമിട്ട  ഭരണഭാഷ  വാരാഘോഷത്തിന്റെ സമാപന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയാണ് ലോകത്തിലെ ഏറ്റവും ശക്തമായ ആയുധം.  ഭാഷയിലൂടെ, സാഹിത്യത്തിലൂടെ, കവിതയിലൂടെ, നോവലിലൂടെയാണ് ആശയവിനിമയം സാധ്യമാകുന്നത്. ഭാഷയുടെയും ആശയവിനിമയത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന ധാരാളം കഥകളും അദ്ദേഹം വിദ്യാർത്ഥികളോട് പങ്കുവെച്ചു. തൊടുപുഴ എ പി ജെ അബ്ദുൾ കലാം സ്കൂളിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ തൊടുപുഴ ഡയറ്റ് പ്രിൻസിപ്പൽ കെ.എം സോമരാജൻ അധ്യക്ഷനായിരുന്നു.

 

നവംബർ 1 മുതൽ ഒരാഴ്ചയായി നടന്നുവന്ന ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കായി വിവിധ മത്സരങ്ങളും ജില്ലയിലുടനീളം സംഘടിപ്പിച്ചിരുന്നു. സമകാലിക സാഹിത്യത്തിലെ മലയാളത്തിന്റെ അതിജീവനം എന്ന വിഷയത്തില്‍ പ്രശസ്ത നിരൂപകന്‍ എംകെ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ന്യൂമാന്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും മലയാള വിഭാഗം മേധാവിയുമായ  ഫാ. മാനുവല്‍ പിച്ചലക്കാട്ട് ഭാഷാപ്രയോഗങ്ങള്‍ രസകരമായി വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകി. ഉന്നതവിദ്യാഭ്യാസത്തില്‍ മലയാളത്തിന്റെ സ്ഥാനം എന്ന വിഷയത്തില്‍ അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് മലയാള വിഭാഗം പ്രൊഫസര്‍ പയസ്സ് കുര്യൻ വിശദീകരിച്ചു.

 

സംസ്‌കാരിക സമ്മേളനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  എന്‍. സതീഷ്‌കുമാര്‍, മുനിസിപ്പൽ വൈസ് ചെയര്മാൻ ഷാഹുൽ ഹമീദ്, തൊടുപുഴ ഡി ഇ ഒ ഗ്രേസി ജോസഫ്,  എ.പി.ജെ അബ്ദുള്‍ കലാം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇൻ ചാർജ് ജയകുമാരി വി ആർ , എ.പി.ജെ അബ്ദുള്‍ കലാം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്‌  കെ.കെ നിഷാദ്, പി എൻ പണിക്കർ ഫൌണ്ടേഷൻ ജില്ലാ പ്രസിഡന്റ്‌ എ ജെ തോമസ്,  അസിസ്റ്റന്റ്  എഡിറ്റര്‍ എന്‍. ബി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

date