Skip to main content
സെമിനാര്‍

രോഗപ്രതിരോധ നടപടികള്‍ക്ക് തുരങ്കം വയ്ക്കുന്നത് മാഫിയാപ്രവര്‍ത്തനം: ചന്ദ്രികാദേവി

 

കൊച്ചി: സമൂഹത്തിന് രോഗങ്ങളില്‍ നിന്നും പ്രതിരോധം നല്‍കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വാക്‌സിനേഷന്‍ പരിപാടികള്‍ക്ക് തുരങ്കം വയ്ക്കുന്നത് മാഫിയാപ്രവര്‍ത്തനമാണെന്ന് തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പഴ്‌സണ്‍ ചന്ദ്രികാദേവി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ്, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ചന്ദ്രികാദേവി. 

കേരളം പടികടത്തിയ രോഗങ്ങള്‍ തിരിച്ചുവരുന്നത് നാം ആശങ്കയോടെ കാണണം. വാക്‌സിനേഷനുകളോട് മുഖം തിരിക്കാനുള്ള പ്രചാരണത്തിന് വഴിപ്പെട്ടതിന്റെ തിക്തഫലങ്ങള്‍ ഇതിനകം കണ്ടുതുടങ്ങിയിട്ടുണ്ട്. സമൂഹത്തെ ഇത്തരത്തില്‍ വഴിതെറ്റിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ പ്രതിരോധ മരുന്നുകളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകള്‍ സ്വായത്തമാക്കണമെന്നും ചെയര്‍പഴ്‌സണ്‍ പറഞ്ഞു.

നഗരസഭ വൈസ് ചെയര്‍മാന്‍ ഒ.വി. സലിം അധ്യക്ഷത വഹിച്ചു. ഡോ. റീന മാത്യു ക്ലാസ് നയിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ദീപ്തി സുമേഷ്, നിഷ രാജേന്ദ്രന്‍, ഷീന ഗിരീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കാതറിന്‍ സുശീല്‍ പീറ്റര്‍. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.എസ്. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പടം ക്യാപ്ഷന്‍

പി.ആര്‍.ഡിയും ആരോഗ്യവകുപ്പും ചേര്‍ന്ന് തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച ആരോഗ്യബോധവല്‍ക്കരണ പരിപാടി നഗരസഭ ചെയര്‍പഴ്‌സണ്‍ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്യുന്നു. ദീപ്തി സുമേഷ്, ഡോ. കാതറീന്‍ സുശീല്‍പീറ്റര്‍, നിജാസ് ജ്യുവല്‍, ഒ.വി. സലിം, എ.എസ്. അശോകന്‍, നിഷ രാജേന്ദ്രന്‍, ഷീന ഗിരീഷ് തുടങ്ങിയവര്‍ സമീപം

date