Skip to main content

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ പരിപാലനത്തിന് വിപുല ക്രമീകരണങ്ങള്‍

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ ഇടത്താളവങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ഭക്തരുടെ ആരോഗ്യ സുരക്ഷയ്ക്ക് വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കി.
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലും കാളകെട്ടി, എരുമേലി, താവളം എന്നിവിടങ്ങളിലെ താത്കാലിക ഡിസ്പെന്‍സറികളിലും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളിലും ഡോക്ടര്‍മാരെ നിയോഗിച്ചു.

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മൂന്നു സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് ആസ്ഥാനത്തുനിന്നും നിയമിച്ചിട്ടുണ്ട്.
 

താത്കാലിക ഡിസ്പെന്‍സറികളില്‍ എല്ലാ ദിവസവും അഞ്ചു ഡോക്ടര്‍മാരുടെ സേവനമുണ്ടാകും. തീര്‍ത്ഥാടന കാലയളവില്‍ ജില്ലയില്‍ ആകെ 88 ഡോക്ടര്‍മാരുടെ സേവനം അധികമായി ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
 

അഞ്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, 58 ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 37 സ്റ്റാഫ് നഴ്സുമാര്‍, 17 ഫാര്‍മസിസ്റ്റുകള്‍, 30 നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍, അഞ്ച് അറ്റന്‍ഡര്‍മാര്‍ എന്നിവരെയും വിവിധ കേന്ദ്രങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.
 

അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് (എ.എല്‍.എസ്) ഉള്‍പ്പെടെ എട്ട് ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എരുമേലിയില്‍ മൂന്നും  കണമല, കടപ്പാട്ടൂര്‍, കോയിക്കല്‍കാവ്, ഏറ്റുമാനൂര്‍, കാളകെട്ടി എന്നിവിടങ്ങളില്‍ ഒന്നു വീതവും ആംബുലന്‍സുകളാകും ഉണ്ടാകുക. അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് (എ.എല്‍.എസ്) കണമലയിലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
 

ഇതിനു പുറമെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഒരു മൊബൈല്‍ മെഡിക്കല്‍ സംഘത്തിന്‍റെ സേവനവും തീര്‍ത്ഥാടകര്‍ക്ക് ലഭിക്കും.  
 

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള തീര്‍ത്ഥാടകര്‍ക്ക് ആവശ്യമുള്ളപക്ഷം  ഓക്സിജന്‍ ലഭ്യമാക്കുന്നതിനും ക്രമീകരണമുണ്ട്. മമ്പാടി,  അഴുതക്കടവ്, കോയിക്കല്‍കാവ് എന്നിവിടങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകളും ഒരുക്കിയിട്ടുണ്ട്.
 

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും ഹോട്ടല്‍ പരിശോധന, അണു നശീകരണം, കൊതുകു നശീകരണത്തിനുള്ള സ്പ്രേയിംഗ്, ഫോഗിംഗ് എന്നിവയും ആരംഭിച്ചു.  
 

എല്ലാ ഹോട്ടല്‍ തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നും സാംക്രമിക രോഗങ്ങള്‍ ഇല്ലെന്നും ഉറപ്പാക്കും. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും എരുമേലി, മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പാമ്പ് വിഷബാധയ്ക്കുള്ള മരുന്നിന്‍റെയും മറ്റ് അവശ്യ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

date