Skip to main content

നെന്മാറയില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പദ്ധതികള്‍ക്ക് തുടക്കം 

സമൂഹത്തില്‍ താഴെത്തട്ടില്‍ നില്‍ക്കുന്നവരുടെ ഉന്നതിയും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. സംയോജിത ശിശുവികസന പദ്ധതി (ഐ.സി.ഡി.എസ്) മുഖേനയാണ്  ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍  പ്രൊജക്ട് നടപ്പാക്കുന്നത്. ഉന്നതി സ്റ്റഡി സര്‍ക്കിള്‍, ഒരുക്കം, പ്രത്യാശ, കരാട്ടെ, യോഗ ക്ലാസ്സ് എന്നീ അഞ്ച് പരിപാടികള്‍ക്കായി 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് ആറ് ലക്ഷം രൂപയാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.
39 വയസ്സില്‍ താഴെയുള്ള നിര്‍ധനരായ വനിതകള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് പഠന സൗകര്യം ഒരുക്കുകയാണ് 'ഉന്നതി സ്റ്റഡി സര്‍ക്കിള്‍' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  ബ്ലോക്ക് പഞ്ചായത്തിലെ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിലാണ് പരിശീലനം നല്‍കുക.
പ്രതിശ്രുത വധൂവരന്‍മാര്‍ക്കുള്ള രണ്ട് ദിവസത്തെ വിവാഹപൂര്‍വ്വ ക്ലാസ്സാണ് 'ഒരുക്കം'. കുടുംബ ജീവിതം എങ്ങനെ നയിക്കണമെന്ന് സംബന്ധിച്ച കൗണ്‍സലിംഗ് ക്ലാസ്സാണിത്.
സാമൂഹിക വകുപ്പിന്റെ സഹകരണത്തോടെ താഴെ തട്ടിലുള്ള അനാഥരും നിരാലംബരുമായ വനിതകളെ അംഗന്‍വാടി പ്രവര്‍ത്തകര്‍ മുഖേന കണ്ടെത്തി അവരെ  സമൂഹത്തിന്റെ ഉന്നതിയിലേയ്ക്ക് എത്തിക്കുന്നതിനായുള്ള പരിശീലന ക്ലാസ്സും കൗണ്‍സലിംഗും അടങ്ങിയതാണ് 'പ്രത്യാശ'.
ഇവ കൂടാതെ 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം കരാട്ടെ പരിശീലനവും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വനിതകള്‍ക്ക് യോഗ പരിശീലനവും നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ നടത്തിപ്പിനായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിച്ചിട്ടുണ്ട്.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതിയംഗം സതി ഉണ്ണി ചടങ്ങില്‍ അധ്യക്ഷയായി. ഐ.സി.ഡി.എസ് സി.ഡി.പി.ഒ എ.ജി.കുമാരി, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ കൗണ്‍സിലര്‍ ഐശ്വര്യ, ജോയിന്റ് സെക്രട്ടറി ശശികുമാര്‍, സൂപ്പര്‍വൈസര്‍മാരായ സിന്ധു, സത്യഭാമ തുടങ്ങിയവര്‍ പങ്കെടുത്തു.

date