Skip to main content

സപ്ലൈകോ നെല്ലുസംഭരണം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (നവം.15) വരെ

സപ്ലൈകോ നെല്ലുസംഭരണത്തിന്റെ ഭാഗമായുള്ള ഓൺലൈൻ രജിസ്ട്രേഷൻ വെബ്സൈറ്റ് ഇന്ന് (നവം.15) വരെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 2020 ജനുവരി മാസം കൊയ്ത്തു വരുന്ന കർഷകർ കൂടി ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ വേണ്ടിയാണിത്. രജിസ്റ്റർ ചെയ്യുന്ന കർഷകർ മുണ്ടകൻ എന്ന പേരിൽ പ്രത്യേകം കാണുന്ന പാടം തിരഞ്ഞെടുത്താണ് രജിസ്റ്റർ ചെയ്യേണ്ടത്. www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കർഷകന്റെ പേര്, മേൽവിലാസം, കൃഷിസ്ഥലത്തിന്റെ വിസ്തീർണം, സർവേ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ ശാഖയുടെ പേര് (ഐ.എഫ്.എസ്.സി കോഡ് ഉൾപ്പെടെ) തുടങ്ങിയ വിവരങ്ങളാണ് രജിസ്ട്രേഷന് ആവശ്യം. എൻആർഐ, എൻആർഒ, സീറോ ബാലൻസ് അക്കൗണ്ടുകൾ, ലോൺ അക്കൗണ്ടുകൾ, ഇടപാടുകൾ ഇല്ലാത്ത അക്കൗണ്ടുകൾ എന്നിവ രജിസ്ട്രേഷന് ഉപയോഗിക്കരുത്.
ഉമ, ജ്യോതി, മട്ട, വെള്ള എന്നിവയ്ക്ക് പ്രത്യേകം രജിസ്ട്രേഷൻ നിർബന്ധമാണ്. താൽക്കാലിക കൃഷിയാണെങ്കിൽ ഭൂവടമയുടെ പേരും വിലാസവും ഉൾപ്പെടുത്തി നിശ്ചിതമാതൃകയിലുള്ള സത്യവാങ്മൂലം 200 രൂപയുടെ മുദ്രപത്രത്തിൽ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കണം. മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പ്രിന്റൗട്ട്, അനുബന്ധരേഖകൾ സഹിതം അതത് കൃഷിഭവനിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം സമർപ്പിക്കണം. വിത്ത് വിതച്ച് 60 ദിവസത്തിനകം രജിസ്ട്രേഷൻ നടപടികൾ നിർബന്ധമായും പൂർത്തിയാക്കണം. നെല്ല് സംഭരിക്കുന്ന തീയതി, സംഭരണകേന്ദ്രം എന്നിവ കർഷകരെ നേരിട്ട് അറിയിക്കും.
സപ്ലൈകോയ്ക്ക് നെല്ല് നൽകുന്ന കർഷകൻ ബില്ല് ലഭിച്ചാലുടൻ രജിസ്റ്റർ ചെയ്ത ബാങ്കിൽ ഏൽപ്പിച്ച് വായ്പാ നടപടികൾ പൂർത്തിയാക്കി ബില്ലിന്റെ തുക കൈപ്പറ്റേണ്ടതാണെന്നും അധികൃതർ അറിയിച്ചു. ഓരോ പ്രദേശങ്ങളിലെയും കർഷകർ അതത് പ്രദേശത്തിന്റെ ചുമതലയുള്ള ഓഫീസർമാരുമായി ബന്ധപ്പെടണം. ഒല്ലൂക്കര, മതിലകം, മുല്ലശ്ശേരി, ചാവക്കാട്, ചാലക്കുടി, തളിക്കുളം ബ്ലോക്കുകളിൽ ഉള്ളവർ 8281286348 എന്ന നമ്പറിലും കൊടകര, ചൊവ്വന്നൂർ, മാള, ചേർപ്പ്, വെള്ളാങ്ങല്ലൂർ ബ്ലോക്കുകൾ-9496360510, പഴയന്നൂർ, അന്തിക്കാട്, ഇരിങ്ങാലക്കുട, പുഴയ്ക്കൽ, വടക്കാഞ്ചേരി ബ്ലോക്കുകൾ-9400648973 എന്നീ നമ്പറിലും ബന്ധപ്പെടണം.

date