Skip to main content

മുസിരിസ് പൈതൃക വാരാഘോഷം: 19 ന് തുടക്കം

യുനെസ്‌കോയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക പൈതൃക വാരത്തോടനുബന്ധിച്ച് മുസിരിസ് പദ്ധതി പ്രദേശത്ത് മുസിരിസ് പൈതൃക വാരാഘോഷം സംഘടിപ്പിക്കുന്നു. നവംബർ 19 മുതൽ 25 വരെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാധാന്യത്തെയും അതിന്റെ സംരക്ഷണത്തെയും കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഏകദേശം 2500 വർഷത്തെ ചരിത്ര സമ്പത്തുള്ള മുസിരിസ് പൈതൃക സംരക്ഷണത്തിനാണ് കേരള സർക്കാർ മുസിരിസ് പദ്ധതി ആരംഭിച്ചത്. പ്രാദേശിക സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പരമ്പരാഗത വ്യവസായങ്ങൾ, കരകൗശല വിദ്യകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മുസിരിസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പറവൂർ - കൊടുങ്ങല്ലൂർ പ്രദേശത്തുള്ള പുരാതന ക്ഷേത്രങ്ങൾ, യൂറോപ്യൻ കോട്ടകൾ, കൊട്ടാരങ്ങൾ, ക്രിസ്ത്യൻ പള്ളികൾ, സെമിനാരികൾ, ജൂത സ്മാരകങ്ങൾ, മുസ്ലിം ആരാധനാലയങ്ങൾ എന്നിവയെ അതിന്റെ സാംസ്‌കാരിക തനിമ ചോരാതെ സംരക്ഷിച്ചു നിർത്തുന്നതിൽ മുസിരിസ് പദ്ധതി വലിയ പങ്കുവഹിക്കുന്നു.

19 മുതൽ 25 വരെ നടക്കുന്ന മുസിരിസ് പൈതൃക വാരാഘോഷത്തിൽ പാലിയം കൊട്ടാരം, പാലിയം കോവിലകം, പറവൂർ- ചേന്ദമംഗലം ജൂതപ്പള്ളികൾ, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം മാർക്കറ്റ് എന്നീ സ്ഥലങ്ങളിൽ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട എക്സിബിഷനുകൾ, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. കോട്ടപ്പുറം കിഡ്സിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജൈവനാരുകൾ ഉപയോഗിച്ചുള്ള കരകൗശല നിത്യോപയോഗ വസ്തുക്കളുടെ നിർമാണവും പ്രദർശനവും, ചേന്ദമംഗലം കൈത്തറി യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള കൈത്തറി ഉൽപന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും, മുസിരിസ് പൈതൃക ചിത്രപ്രദർശനം, ജൂത പാരമ്പര്യത്തെ കുറിച്ചുള്ള പ്രദർശനം, കോട്ടപ്പുറം കോട്ടയിൽ നിന്നും ഉദ്ഘാടനം ചെയ്തെടുത്ത പുരാവസ്തുക്കളുടെ പ്രത്യേക പ്രദർശനം എന്നിവയും ഉണ്ടായിരിക്കും.

date