Skip to main content
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി ആരംഭിച്ച മൂന്നു പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം വടശേരിക്കരയില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് നിര്‍വഹിക്കുന്നു.

ശബരിമല തീര്‍ഥാടനം: മൂന്ന് താത്കാലിക പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചു

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ തീര്‍ഥാടനം ഒരുക്കുന്നതിനുമായി മൂന്ന് താത്കാലിക പോലീസ്  സ്റ്റേഷനുകള്‍ ആരംഭിച്ചു. ശബരിമല സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളിലാണ് താത്കാലിക പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക.  വടശേരിക്കരയില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഓരോ സ്റ്റേഷനിലും ഒരു എസ്.ഐ, 30 പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. തീര്‍ഥാടകരുടെ സുരക്ഷ, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ടാണ് താത്കാലിക പോലീസ് സ്റ്റേഷന്‍ സജ്ജമാക്കിയിട്ടുള്ളത്. മറ്റ് പോലിസ് സ്റ്റേഷനിലേതു പോലെ തന്നെ ഇവിടെയും കേസ് റജിസ്ട്രേഷന്‍, പെറ്റിഷന്‍ ഫയലിംഗ് മുതലായ എല്ലാ സേവനങ്ങളും ലഭ്യമാക്കും. 

സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേഷന്റെ പരിധി അപ്പാച്ചിമേട് മുതല്‍ സന്നിധാനം വരെയാണ്. അനധികൃത കച്ചവടം തടയല്‍, തീര്‍ഥാടകരുടെ സുരക്ഷ, ക്രമസമാധാനം എന്നിവയ്ക്കാണ് ഇവിടെ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. അട്ടത്തേട്, ഇലവുങ്കല്‍-കണമല പാലം അടങ്ങിയതാണ് നിലയ്ക്കല്‍ സ്റ്റേഷന്‍ പരിധി. കുമ്പളാംപൊയ്ക മുതല്‍ രാജാംപാറ വരെയാണ്  വടശേരിക്കര സ്റ്റേഷന്റെ പരിധി. മണ്ഡല കാല തീര്‍ഥാടനം ആരംഭിക്കുന്നതോടെ  ആവശ്യാനുസൃതം പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന്  ജില്ലാ പോലിസ് മേധാവി ജി. ജയദേവ് പറഞ്ഞു.

date