Skip to main content
തന്നെ സന്ദര്‍ശിച്ച കല്ലറക്കടവ് എസ് സി പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് സുരക്ഷാ ബാന്‍ഡ് അണിയിക്കുന്നു.

ശിശുദിനത്തില്‍ കളക്ടര്‍ക്ക് മുന്നില്‍ ഒരുപിടി ആവശ്യങ്ങളുമായി കുരുന്നുകള്‍; പരിഹാരവുമായി കളക്ടര്‍

''നിങ്ങള്‍ക്കാരാവാനാ ആഗ്രഹം...? എല്ലാരും നന്നായി പഠിക്കുന്നില്ലേ..? ഹോസ്റ്റലില്‍ സൗകര്യങ്ങള്‍ എല്ലാമില്ലേ..?'' തുടരെയുള്ള ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സ്നേഹ സംഭാഷണത്തിനിടയ്ക്കുള്ള ചോദ്യങ്ങള്‍ക്ക് ഉറച്ച ശബ്ദത്തോടെ ഉത്തരം നല്‍കിയാണ് കല്ലറക്കടവ് എസ് സി പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികള്‍ കളക്ടറുടെ സ്നേഹം പിടിച്ചു വാങ്ങിയത്. 

ജില്ലാ ചൈല്‍ഡ് ലൈന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കളക്ടറുടെ ചേംബറില്‍ കുട്ടികള്‍ക്ക് ജില്ലാ കളക്ടറുമായി സംവദിക്കാന്‍ അവസരം ലഭിച്ചത്. ശിശുദിനത്തോടനുബന്ധിച്ച് 'കുട്ടികളുടെ സുരക്ഷ ജില്ലാ കളക്ടര്‍ ഉറപ്പാക്കും' എന്നതിന്റെ പ്രതീകാത്മകമായി ജില്ലാ കളക്ടര്‍ കുട്ടികള്‍ക്ക് സുരക്ഷാ ബാന്‍ഡും അണിയിച്ചു. 

കുട്ടികളുടെ ആവശ്യങ്ങള്‍ കളക്ടര്‍ ചോദിച്ചറിഞ്ഞു. കളി സ്ഥലമില്ലെന്നും കളിക്കുന്നതിനും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും സാധിക്കുന്നില്ലെന്ന കുട്ടികളുടെ ആവശ്യത്തിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാമെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയാണ് അവരെ യാത്രയാക്കിയത്. 

ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡേവിഡ് റെജി മാത്യു, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ഡോ.ആനന്ദ് എസ് വിജയ്, വാര്‍ഡന്‍ കെ എസ് ജോണ്‍സണ്‍, ചൈല്‍ഡ് ലൈന്‍ സ്റ്റാഫ് അംഗങ്ങളായ രാജി പി സ്‌കറിയ, സുജ ജോണ്‍സണ്‍, മിന്‍സമ്മ, ഷൈനി ബേബി, സിജു വര്‍ഗീസ്, അതുല്‍ ടി വിജയ് തുടങ്ങിയവര്‍ പങ്കെടുത്തു.

date