Skip to main content
ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മദേഴ്‌സ് കോര്‍ണര്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാ ആശുപത്രിയില്‍ മദേഴ്‌സ് കോര്‍ണര്‍ തുറന്നു

മാതൃശിശുസംരക്ഷണം ലക്ഷ്യമാക്കി ജില്ലാ ആശുപത്രിയില്‍ മദേഴ്‌സ് കോര്‍ണര്‍ തുറന്നു. ജില്ലാ പഞ്ചായത്ത് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്കായി ഈ സംവിധാനം ഒരുക്കിയത്. കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനും, കുട്ടികള്‍ക്ക് കളിക്കുന്നതിന് ഊഞ്ഞാല്‍, കുഞ്ഞുങ്ങളെ ഉറക്കുന്നതിനുള്ള തൊട്ടില്‍, കട്ടില്‍, തലയണ, മെത്ത, കളിപ്പാട്ടങ്ങള്‍, ടോയിലറ്റ്, കസേര, മേശ, ഫാന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് പ്രത്യേക വിശ്രമമുറി തയ്യാറാക്കിയത്. ആശുപത്രിയുടെ പ്രധാന കെട്ടിടത്തില്‍ ബി ബ്ലോക്കിന്റെ മുന്‍ഭാഗത്താണ് വിശ്രമമുറി സജ്ജീകരിച്ചിട്ടുള്ളത്. പീഡിയാട്രിക് വിഭാഗത്തിനും ഗൈനക്കോളജി വിഭാഗത്തിലുമായി ദിനം പ്രതി 300ല്‍ പരം അമ്മമാരാണ് കുഞ്ഞുങ്ങളുമായി എത്തുന്നത്. ഇവരുടെ സൗകര്യം ലക്ഷ്യമാക്കിയാണ് ജില്ലാ പഞ്ചായത്തിന്റെ നടപടി. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം നിലവില്‍ വരുന്നത്.

മദേഴ്‌സ് കോര്‍ണറിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ.റോയ്‌സണ്‍, ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

date