Skip to main content

ഭൂജല പരിപോഷണം: മാതൃകയായി കാട്ടാക്കട

 

    എല്ലാ പൊതുസ്ഥാപനങ്ങളിലും കൃത്രിമ ഭൂലജ പരിപോഷണ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ നിയമസഭാ മണ്ഡലമായി കാട്ടാക്കട. നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍  ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. പദ്ധതി പൂര്‍ത്തീകരണത്തിലൂടെ കാട്ടാക്കട  മാതൃകയാവുകയാണെന്ന് മന്ത്രി പറഞ്ഞു.

    സംസ്ഥാനം നേരിടുന്ന  പ്രതിസന്ധികളിലൊന്ന് ഭൂഗര്‍ഭ ജലത്തിന്റെ ഭൗര്‍ലഭ്യമാണ്. മഴ ലഭിച്ചിട്ടും മഴ വെള്ളം ഭൂമിയില്‍ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമാണ് ജലവകുപ്പ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. ഓരോ പൊതുസ്ഥാപനത്തിലും 8000 ലിറ്റര്‍ വെള്ളം ശേഖരിക്കുവാന്‍ കഴിയുന്ന രണ്ടും മൂന്നും പിറ്റുകള്‍ നിര്‍മ്മിച്ച് സ്ഥാപനത്തിന്റെ കെട്ടിടത്തിന് മുകളില്‍ പെയ്യുന്ന മഴവെള്ളം ഇതിലേക്ക് എത്തിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ സ്ഥാപനങ്ങളിലെ കിണറുകള്‍ വറ്റാതായി എന്നതിലുപരി പ്രദേശത്തെ ഭൂജല വിതാനം ഉയര്‍ത്താനുമായി.

    ആദ്യഘട്ടത്തില്‍ നിയോജകമണ്ഡലത്തില്‍ വളരെയേറെ ജലക്ഷാമം അനുഭവപ്പെട്ട അഞ്ച് സ്‌കൂളുകളിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.  തുടര്‍ന്ന് അടുത്ത മൂന്ന് ഘട്ടങ്ങളിലായി നിയോജക മണ്ഡലത്തില്‍ ഭൂജല പരിപോഷണത്തിനു സാധ്യമായ മറ്റ് 35 പൊതുസ്ഥാപനങ്ങളിലും പൂര്‍ത്തിയാക്കി.  നിയോജക മണ്ഡലത്തിലെ എല്ലാ പൊതുസ്ഥാപങ്ങളിലും ഭൂജല വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുയോജ്യമായ 40 സ്ഥാപനങ്ങള്‍ തിരഞ്ഞെടുത്തത്.

    2019 മെയില്‍ ജനീവയില്‍ നടന്ന നാലാമത് പുനര്‍നിര്‍മ്മാണ കോണ്‍ഫറന്‍സിലടക്കം നിരവധി അന്താരാഷ്ട്ര വേദികളില്‍ ഈ പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള സംഘം രണ്ടു തവണ ഈ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

    ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഓരോ സ്ഥാപനവും സന്ദര്‍ശിച്ച് അവിടുത്തെ ഭൂപ്രകൃതി, ചരിവ്, മണ്ണിന്റെ തരം, ജിയോളജി എന്നി ഘടകങ്ങള്‍ പഠനവിധേനമാക്കിയും ലഭ്യമായ മേല്‍ക്കൂരയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തിലും ഓരോ സ്ഥാപനത്തിലും നടപ്പാക്കേണ്ട വിശദമായ പദ്ധതിരേഖ തയ്യാറാക്കി അംഗീകാരം ലഭിച്ച മുറയ്ക്കാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

    നിലവിലുള്ള ഓരോ കിണറിനു ചുറ്റും ജലവലയം കൂടുതല്‍ വിസ്തൃതമാക്കിയും ജലഉറവകള്‍ സമ്പുഷ്ടമാക്കിയും കിണറിലെ ജലലഭ്യത വര്‍ദ്ധിപ്പിച്ച് ജലസമൃദ്ധമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഭൂമിക്കടിയില്‍ ജലം ശേഖരിക്കുന്നത് ഉപരിതലത്തില്‍ ശേഖരിക്കുന്നതിനേക്കാള്‍ ചിലവ് കുറഞ്ഞതാണ് എന്നതും ജലം സംഭരിക്കുന്നതിനായി ഭൂമി ഉപയോഗശൂന്യമാക്കുന്നില്ല എന്നതും ഭൂഗര്‍ഭജലം ബാഷ്പീകരണത്തിലുടെയോ മലീനീകരണത്തിലൂടെയോ നഷ്ടപ്പെടുന്നില്ല എന്നതും ഈ പ്രവര്‍ത്തനത്തിന്റെ പ്രത്യേകതയാണ്.

    കാട്ടാക്കട നിയോജക മണ്ഡലം എം.എല്‍.എ ഐ ബി സതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ജി.ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോഷി മൃണ്മയി ശശാങ്ക് ഐ എ എസ്, നേമം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തള കുമാരി , കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് കമ്മിഷണര്‍  എ.നിസാമുദ്ധീന്‍  എന്നിവര്‍ ആശംസ അറിയിച്ചു. യോഗത്തില്‍ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ , ബ്ലോക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും നേമം ബ്ലോക് പഞ്ചായത്ത് സെക്രട്ടറി അജികുമാര്‍ നന്ദിയും പറഞ്ഞു.
(പി.ആര്‍.പി. 1231/2019)

 

date