Skip to main content

ഓര്‍മകളില്‍ ചാച്ചാജി ---- അതിക്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കുട്ടികളുടെ പ്രധാനമന്ത്രി

ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സ്മരണകളുണര്‍ത്തി ജില്ലയില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു. ചാച്ചാജിയുടെ വേഷമണിഞ്ഞ കുരുന്നുകള്‍ ശിശുദിന റാലികളെ ശ്രദ്ധേയമാക്കി.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സമൂഹത്തില്‍ സാഹോദര്യം നിലനിര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും തിരുനക്കര ക്ഷേത്ര മൈതാനത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്  കുട്ടികളുടെ പ്രധാനമന്ത്രി സി.എ.ആര്‍ച്ച പറഞ്ഞു. ളാലം സെന്‍റ് മേരീസ് ഹൈസ്കൂള്‍ വിദ്യാര്‍ഥി എയ്ഡന്‍ ജോ ദീപു അധ്യക്ഷത വഹിച്ചു.
 

മിന്നു എല്‍സ സാജു (ലൂര്‍ദ്ദ് സ്കൂള്‍ കോട്ടയം), ഗൗരിമ എസ്. നായര്‍ (ജവഹര്‍ നവോദയ  വിദ്യാലയം,വടവാതൂര്‍) എന്നിവര്‍ പ്രസംഗിച്ചു.
 

നഗരസഭാ അധ്യക്ഷ ഡോ. പി.ആര്‍ സോന കുട്ടികളെ സ്വീകരിച്ചു. മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ ശിശുദിന സന്ദേശം  നല്‍കി. അസിസ്റ്റന്‍റ്  ഡവലപ്മെന്‍റ് കമ്മീഷണര്‍ (ജനറല്‍) ജി. അനിസ് ഐക്യദാര്‍ഢ്യ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. ജവഹര്‍ ബാലഭവന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാടവന ബാലകൃഷ്ണ പിള്ള പ്രസംഗിച്ചു.  
 

തുടര്‍ന്ന്   വിദ്യാര്‍ഥികള്‍  നയിച്ച  റാലി ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഫ്ളാഗ് ഓഫ് ചെയ്തു.  നിശ്ചല ദൃശ്യങ്ങള്‍, റോളര്‍ സ്കേറ്റിംഗ്, പ്രച്ഛന്ന വേഷങ്ങള്‍ തുടങ്ങിയവ അണിനിരന്ന റാലി ബേക്കര്‍ മെമ്മോറിയല്‍ സ്കൂളില്‍ സമാപിച്ചു. ജില്ലാ ഭരണകൂടവും ജവഹര്‍ ബാല ഭവനും വിവിധ വകുപ്പുകളും സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്.

date