Skip to main content

കൂട്ട നടത്തം ജസ്റ്റീസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു ബോധവത്കരണവുമായി പ്രമേഹ ദിനാചരണം

 ലോക പ്രമേഹ ദിനം ആരോഗ്യവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. കളക്ടറേറ്റില്‍നിന്ന് ആരംഭിച്ച കൂട്ട നടത്തം ജസ്റ്റീസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു.

ജീവിത ശൈലി രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കൃത്യമായ വ്യായാമം, ശരിയായ ഭക്ഷണ രീതി, ചികിത്സ എന്നിവയിലൂടെ പ്രമേഹ രോഗത്തില്‍ നിന്നും മുക്തി നേടാനാകുമെന്നും ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞു.  

തോമസ് ചാഴികാടന്‍ എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുന്‍ എംഎല്‍എ വി. എന്‍ വാസവന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍ സോന, ജില്ലാ പോലീസ് മേധാവി പി.എസ് സാബു, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അയ്മനം ബാബു,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി  ഡി.എം.ഒ ഡോ. പി. എന്‍ വിദ്യാധരന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ദര്‍ശന അക്കാദമി ഡയറക്ടര്‍ ഫാ.തോമസ് പുതുശ്ശേരി, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, ഗിരിദീപം ഡയറക്ടര്‍ ഡോ. വര്‍ഗീസ് തറമുട്ടം, ആര്‍.ടി.ഒ വി.എം. ചാക്കോ, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാഗി ജോസ് മേനാപ്പറമ്പില്‍ തുടങ്ങിയവര്‍ കൂട്ട നടത്തത്തില്‍ പങ്കെടുത്തു.

സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളും എന്‍.എസ്.എസ് വോളണ്ടിയര്‍മാരും വിദ്യാര്‍ഥികളും അണിനിരന്ന നടത്തം തിരുനക്കര മൈതാനത്ത് സമാപിച്ചു. തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.

സൗജന്യ രക്തപരിശോധന, ആരോഗ്യ പരിശോധന, ഫലവൃക്ഷ തൈകളുടെ വിതരണം  എന്നിവയും നടത്തി.

ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ സഹകരണത്തോടെ ഹോട്ടല്‍, റെസ്റ്റോറന്‍റ്, ബേക്കറി അസോസിയേഷന്‍ പ്രതിനിധികള്‍ക്കായി പ്രമേഹ ബോധവത്കരണ സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എന്‍. വിദ്യാധരന്‍ ക്ലാസ് നയിച്ചു.
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍ പി. ഉണ്ണികൃഷ്ണന്‍ നായര്‍  സെമിനാറില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍,  ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ആര്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date