Skip to main content

മേലടി ക്ഷീരകര്‍ഷക സംഗമം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

 

മേലടി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഇന്ന് (നവംബര്‍ 16) വിവിധ പരിപാടികളോടെ കീഴരിയൂര്‍ കര്‍ഷക സംഘത്തില്‍ നടത്തും. കീഴരിയൂര്‍ വെസ്റ്റ് മാപ്പിള എല്‍.പി സ്‌കൂളില്‍ രാവിലെ 10.30 ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. കെ.ദാസന്‍ എം.എല്‍.എ, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മില്‍മ, മൃഗസംരക്ഷണ വകുപ്പ്, ആത്മ കോഴിക്കോട്, എഫ്.ഐ.ബി, ധനകാര്യ സ്ഥാപനങ്ങള്‍, കേരളാ ഫീഡ്സ്, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിക്കുന്നത്. കന്നുകാലി പ്രദര്‍ശനം, സെമിനാര്‍, എക്സിബിഷന്‍, ഡയറി ക്വിസ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ എട്ട് മുതല്‍ കന്നുകാലി പ്രദര്‍ശനം ആരംഭിക്കും.  

 

വെറ്ററിനറി ഡോക്ടര്‍ ഒഴിവ് 

 

ചേളന്നൂര്‍, കുന്നുമ്മല്‍ ബ്ലോക്കിലേക്ക് രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 16 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2768075.

 

 

ഹിന്ദി ട്രെയിനിംഗ് ഇന്റര്‍വ്യൂ

 

 

കേരള സര്‍ക്കാറിന്റെ ടിടിസിക്ക് തുല്ല്യമായി ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്‌സ് മെറിറ്റ് സീറ്റിലേക്കുളള ഇന്റര്‍വ്യൂ നവംബര്‍ 19,20,22  തീയതികളില്‍ അടൂര്‍ സെന്ററില്‍ നടക്കും. രണ്ട് വര്‍ഷം ദൈര്‍ഘ്യമുളള കോഴ്‌സിന് പ്ലസ് ടു 50 ശതമാനം മാര്‍ക്കില്‍ വിജയിച്ചവര്‍ക്ക് പങ്കെടുക്കാം. പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍ - 0473 4226028, 8547126028. 

 

 

യു.പി. സ്‌ക്കൂള്‍ അസിസ്റ്റന്റ് : അഭിമുഖം 21 ന്

 

 

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌ക്കൂള്‍ അസിസ്റ്റന്റ് (മലയാളം) (തസ്തികമാറ്റം) (കാറ്റഗറി നമ്പര്‍  269/2018) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള  അഭിമുഖം നവംബര്‍ 21 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.   ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല.

 

 

പെന്‍ഷന്‍ രേഖകള്‍ നല്‍കണം 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും  പെന്‍ഷന്‍  വാങ്ങുന്നവര്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷണറുടെ  ഐഡന്റിറ്റി നമ്പര്‍ കൈപ്പറ്റണം. പെന്‍ഷണര്‍മാര്‍ ആധാര്‍ കാര്‍ഡും, പെന്‍ ഐഡന്റിറ്റിയും കൂടി അക്ഷയ കേന്ദ്രത്തില്‍ ഹാജരായി നവംബര്‍ 30 നകം  മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ല. മസ്റ്ററിംഗ് ഫീസ് നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2767213. 

 

 

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് 20 ന്

 

 

ജില്ലാ പോലീസ് കംപ്ലൈന്റ്് അതോറിറ്റിയുടെ നവംബര്‍ മാസത്തെ സിറ്റിംഗ് നവംബര്‍ 20 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കളക്ടറേറ്റില്‍ നടത്തുമെന്ന് ഹൂസൂര്‍ ശിരസ്തദാര്‍ അറിയിച്ചു. 

 

 

റേഡിയോളജിസ്റ്റ് : അഭിമുഖം 18 ന്

 

 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കെഎഎസ്പി ക്ക് കീഴില്‍ റേഡിയോളജിസ്റ്റ് (ഒരു ഒഴിവ്) ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നല്‍കും. യോഗ്യത - എം.ഡി/ഡിഎന്‍ബി/ഡിഎംആര്‍ഡി. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. 

 

 

'ലിറ്റില്‍ കൈറ്റ്‌സ്' ക്യാമ്പുകള്‍ ഇന്നു മുതല്‍

 

 

ജില്ലയില്‍ ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ക്ക് തുടക്കമായി. ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഗെയിമുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത.  ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ ഘട്ടങ്ങള്‍, ക്രമാനുഗതമായ ഭ്രമണപഥം ഉയര്‍ത്തല്‍, സോഫ്റ്റ്‌ലാന്‍ഡിംഗ് എന്നിവ ഉള്‍പ്പെട്ട കമ്പ്യൂട്ടര്‍ ഗെയിം വിഷ്വല്‍ പ്രോഗ്രാമിംഗ് സോഫ്റ്റ്വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികള്‍ തയ്യാറാക്കും. ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികള്‍ ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള അനിമേഷനുകള്‍ റ്റുപിട്യൂബ് ഡെസ്‌ക് എന്ന സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കും. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിലെ പരിശീലനവും പ്രവര്‍ത്തനങ്ങളും. 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് ജില്ലയിലെ 164 സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലായി 5183 അംഗങ്ങളാണുള്ളത്. യൂണിറ്റുകളില്‍ നടന്ന സ്‌കൂള്‍തല ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുത്ത 1208 കുട്ടികള്‍ ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കും.  ഒരു യൂണിറ്റില്‍ നിന്ന് പ്രോഗ്രാമിംഗിനും അനിമേഷനും നാലുവീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്. 17 ഉപജില്ലകളിലാണ് 11 ദ്വിദിന ക്യാമ്പുകള്‍ നവബര്‍ 16 മുതല്‍ തുടങ്ങുന്നത്. 17 ക്യാമ്പുകള്‍ 22 നും 8 ക്യാമ്പുകള്‍ ഡിസംബര്‍ 7 നും നടത്തും. ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വെയറായ 'ആപ്പ് ഇന്‍വെന്റര്‍' ഉപയോഗിച്ചുള്ള മൊബൈല്‍ ഗെയിം, ടോര്‍ച്ച് ആപ്പ് എന്നിവയുടെ നിര്‍മ്മാണം,  ത്രീഡി അനിമേഷന്‍ സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍, 2ഡി അനിമേഷന്‍ സോഫ്റ്റ്വെയറായ റ്റുപിട്യൂബ് ഡെസ്‌ക് എന്നിവ ഉപയോഗിച്ചുള്ള അനിമേഷന്‍ നിര്‍മ്മാണം, സൈബര്‍സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ - അവതരണങ്ങള്‍ എന്നിവയാണ് ദ്വിദിന പരിശീലന ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന മേഖലകള്‍. ഹൈടെക് സംവിധാനങ്ങള്‍ ക്ലാസ്മുറികളില്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ലിറ്റില്‍കൈറ്റ്‌സ് അംഗങ്ങളെ സജ്ജമാക്കുന്ന സെഷനുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലിറ്റില്‍ കൈറ്റ്‌സ് റവന്യൂജില്ലാ ക്യാമ്പിലേക്കുള്ള തിരഞ്ഞെടുപ്പും ഉപജില്ലാക്യാമ്പില്‍ നടത്തും. അനിമേഷന്‍, പ്രോഗ്രാമിംഗ് മേഖലകളിലെ പരിചയ സമ്പന്നരായ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള ഉല്പന്നങ്ങളാണ് വിവിധ ക്യാമ്പുകളിലൂടെ അംഗങ്ങള്‍ തയ്യാറാക്കി വരുന്നത്. 

 

വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ് ഡിസംബര്‍ 17,18 തീയതികളില്‍

 

കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ് ഡിസംബര്‍ 17,18 തീയതികളില്‍ എറണാകുളം കലൂരിലളള കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

 

ആട് വളര്‍ത്തലില്‍  പരിശീലനം

 

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ   പരിശീലനകേന്ദ്രത്തില്‍  നവംബര്‍  19 മുതല്‍  20 വരെ  ആട് വളര്‍ത്തലില്‍ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.  പേര് രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍നമ്പറുമായി  അന്ന്  രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍ -   0491 - 2815454. 

 

മെഡിക്കല്‍ ക്യാമ്പ് ഇന്ന്

 

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് ശ്രവണസഹായികള്‍  വിതരണം ചെയ്യുന്നതിന്റെ ഭാഗമായി അര്‍ഹരായ ഗുണഭോക്താക്താക്കളെ കണ്ടെത്തുന്നതിന് ഇന്ന് (നവംബര്‍ 16) മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. കോഴിക്കോട് താലൂക്ക് പരിധിയിലെ  ഗ്രാമപഞ്ചായത്തിലെ ഗൂണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന അര്‍ഹരായ ഗുണഭോക്താക്കള്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.

 

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം തുടങ്ങി

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോല്‍സവത്തില്‍ കായിക മത്സരങ്ങള്‍ ചോമ്പാല പോലിസ് സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ടി.പി.സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ടി ശ്രീധരന്‍, വൈസ് പ്രസിഡന്റ് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ജനപ്രതിനിധികളായ ഉഷ ചാത്താംങ്കണ്ടി, സുധ മാളിയക്കല്‍, ജസ്മിന കല്ലേരി, ഇ.ടി.അയ്യൂബ്, സാഹിര്‍ പുനത്തില്‍, ശ്രീജേഷ് കുമാര്‍, ശുഭ മുരളിധരന്‍, സംഘടക സമിതി ഭാരവാഹികളായ കെ.എസ് നായര്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, സമിര്‍ കല്ലാമല, കുടുംബശ്രീ ചെയര്‍പെഴ്‌സണ്‍ ബിന്ദുജയ്‌സണ്‍, പ്രമോദ് കെ. എന്നിവര്‍  സംസാരിച്ചു.

date