Skip to main content

പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തണം 

 

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും, പുതുതായി പാസ്സായ ആക്ടീവ് പെന്‍ഷന്‍ ഗുണഭോക്താക്കളും അക്ഷയകേന്ദ്രം വഴി നബംവര്‍ 18 മുതല്‍ 30 വരെ മസ്റ്ററിംഗ് നടത്തേണ്ടതാണ്. മസ്റ്ററിംഗ് നടത്തുന്നതിന് അക്ഷയയില്‍ പോവുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ പെന്‍ഷന്‍ ഐഡി കൂടി കരുതണം. കിടപ്പുരോഗികള്‍ അടുത്ത ബന്ധുക്കള്‍ മുഖേന പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശസ്ഥാപനത്തില്‍ നവംബര്‍ 29 നകം ഈ വിവരം അറിയിക്കണം. അറിയിക്കുന്നവരുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. 

 

വാര്‍ഷിക പദ്ധതി അവലോകന യോഗം 25 മുതല്‍ 

 

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷികപദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനായി നവംബര്‍ 25, 26, 28, 29 തീയതികളിലായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ യോഗം ചേരും. നവംബര്‍ 25 ന് കൊടുവളളി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, വടകര ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, നവംബര്‍ 26 ന് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, മേലടി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, പന്തലായനി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, തൂണേരി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും. രാവിലെയും ഉച്ചയ്ക്കുമായി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഹാളുകളിലാണ് യോഗം സംഘടിപ്പിക്കുന്നത്. നവംബര്‍ 28 ന് കോഴിക്കോട് കോര്‍പ്പറേഷന്റെ യോഗം ഉച്ചയ്ക്ക് 2 ന് ജില്ലാ കലക്ടറുടെ ചേമ്പറിലും ജില്ലാ പഞ്ചായത്ത്, മുക്കം, കൊടുവളളി, വടകര, കൊയിലാണ്ടി, പയ്യോളി, ഫറോക്ക്, രാമനാട്ടുകര നഗരസഭകളുടെ യോഗം 29 ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും ചേരും.    

     

ആര്‍മിയില്‍ സോള്‍ജിയര്‍ റിക്രൂട്ട്മെന്റ്

 

ആര്‍ട്ടിലറി സെന്റര്‍ നാസിക് റോഡ് ക്യാംപില്‍ യൂണിറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് ക്വാട്ടയില്‍ ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ ആര്‍മിയില്‍ സോള്‍ജിയര്‍ (ജിഡി) തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2771881.

 

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്

 

2019-20 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്ന, വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 30 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക്- www.ksb.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കുക.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 22 ന്

 

കോഴിക്കോട് മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയിലെ ബേസിക് കോസ്മൊറ്റോളജി ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഇന്റര്‍വ്യൂ നവംബര്‍ 22 ന് രാവിലെ 11 മണി. യോഗ്യത - ബേസിക് കോസ്മൊറ്റോളജി/ഹെയര്‍ ആന്‍ഡ് സ്‌കിന്‍ കെയര്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്മൊറ്റോളജി യില്‍ എ.ഐ.സി.ടി.ഇ അംഗീകൃത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഗവ. അംഗീകൃത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചവും.  
യോഗ്യരായവര്‍ വിദ്യാഭ്യാസയോഗ്യത, ഐഡന്റിറ്റി, തൊഴില്‍  പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാവണം. ഫോണ്‍ : 0495-2373976.  

 

അനര്‍ഹ റേഷന്‍കാര്‍ഡ് തിരിച്ചു നല്‍കണം

 
കൊയിലാണ്ടി താലൂക്കില്‍ അനധികൃതമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ഉപയോഗിച്ച് റേഷന്‍സാധനങ്ങള്‍ വാങ്ങുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖല ജീവനക്കാര്‍, അധ്യാപകര്‍, കൂടാതെ 1000 അടി വിസ്തീര്‍ണ്ണമുള്ള വീട്, നാലുചക്രവാഹനം സ്വന്തമായുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ നവംബര്‍ 30 നകം കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസില്‍ തിരിച്ചേല്‍പ്പിച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റണം. റേഷന്‍കാര്‍ഡില്‍ യഥാര്‍ത്ഥ ജോലി, വരുമാനം എന്നിവ കാണിക്കാതെയും നിലവില്‍ താമസിക്കുന്ന വീട്ടിലെ കാര്‍ഡില്‍ പേര്‍ ഉള്‍പ്പെടുത്താതെയും, റോസ്, നീല കാര്‍ഡുകളുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നത് കുറ്റകരമാണ്. അനധികൃത കാര്‍ഡുകള്‍ ഈ മാസം 30 നകം സപ്ലൈ ഓഫീസില്‍ ഹാജരാക്കിയാല്‍ അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളും കമ്പോള വില മാത്രം ഈടാക്കി കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി നല്‍കും. പിന്നീട് കുറ്റം കണ്ടെത്തുകയാണെങ്കില്‍ പിഴ, കമ്പോള വില എന്നിവ ഈടാക്കുന്നതോടൊപ്പം ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date