Skip to main content

ആരും തനിച്ചല്ല, സമൂഹം കൂടെയുണ്ട് സ്‌നേഹിത കോളിങ്‌ബെല്‍ വാരാചരണം ആരംഭിച്ചു

സമൂഹത്തില്‍ ഒറ്റപ്പെട്ട് താമസിച്ച് ദുരിതമനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കി സഹായം ലഭ്യമാക്കുന്നതിനായി ജില്ലയില്‍ സ്‌നേഹിത കോളിങ് ബെല്‍ വാരാചരണം ആരംഭിച്ചു. ഈ മാസം 21 വരെ നടത്തുന്ന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യു-ഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ് എന്നിവയുടെ സഹകരണത്തോടെ  ചെമ്മനാട് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ കുടുംബശ്രീ മികച്ച ഇടപെടലുകളാണ് നടത്തുന്നതെന്നും ഈ മഹത്തായ മുന്നേറ്റത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളും മാതൃക സ്വീകരിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു. അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കി സമൂഹത്തില്‍ പരസ്പര സഹകരണവും സൗഹാര്‍ദ്ദവും പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തിലെ അയല്‍ക്കൂട്ട പരിധിയില്‍ ഒറ്റപ്പെട്ടു കഴിയുന്നവരായി കണ്ടെത്തിയ 23 പേര്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍ നിര്‍വഹിച്ചു.

date