Skip to main content

സ്‌കൂള്‍ കലോത്സവ  മാന്വലിനെ  അറിയൂ: പ്രകടനം മികച്ചതാക്കൂ....

കൗമാരക്കാരുടെ കലാമേളയായ  കേരള  സ്‌കൂള്‍ കലോത്സവത്തില്‍ എല്ലാപ്പോഴും ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.പല മത്‌സര ഇനത്തിലും അപ്പീല്‍ വഴിയും നിരവധി പേര്‍  എത്തുന്നതോടെ മത്സരത്തിന്റെ കാഠിന്യം കൂടുന്നു.മാസങ്ങള്‍ നീണ്ട പരിശീലത്തിന് ശേഷം,വേദിയില്‍ എത്തുന്ന പല കുട്ടികള്‍ക്കും ചെറിയ,ചെറിയ പോരായ്മയുടെ  പേരില്‍ പ്രതിഭ വെളിപ്പെടുത്താന്‍ കഴിയാതെ പോകുന്നതും കലോത്സവത്തില്‍ സ്ഥിരം കാഴ്ചയാണ്. കലോത്സവത്തിന്റെ സുഗമമായുള്ള നടത്തിപ്പിനുള്ള കലോത്സവ മാന്വല്‍ കൃത്യമായി മനസിലാക്കിയാല്‍ ആഡംബരം ഒഴിവാക്കാനും കുട്ടികള്‍ക്ക് പോരായ്മകള്‍ മനസിലാക്കി മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിയും. ഗ്രൂപ്പിനങ്ങളിലാണ് പലപ്പോഴും ശക്തമായ മത്സരങ്ങള്‍  നടക്കുന്നത്. കലോത്സത്തിലെ  ഗ്രൂപ്പിനത്തിലൂടെ ഒരെത്തി നോട്ടം...
കലോത്സവത്തില്‍ വന്‍ കലാസ്വാദകരുള്ള ഇനമാണ് ഒപ്പന .ഒപ്പന അവതരിപ്പിക്കുന്ന വേദിയും പരിസരവും തിങ്ങി നിറഞ്ഞ്  ആസ്വദിക്കുന്ന കലാസ്വാദകരുടെ  ബാഹുല്യം തന്നെ  ഇതിന് ഉദാഹരണമാണ്. ഒപ്പനയക്ക് ,പക്കമേളമോ പിന്നണിയോ പാടില്ല എന്നതാണ് കലോത്സവ വ്യവസ്ഥ. 10 പേര്‍ (പെണ്‍)   പങ്കെടുക്കുന്നതില്‍ എഴ്  പേര്‍ കളിക്കണം. മൂന്ന് പേര്‍ പാടണം. സാഹിത്യശുദ്ധിയുള്ള പാട്ട് ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. താളത്തിനൊത്ത കൈയടി മുഖ്യയും മുഖ്യമാണ്.
തിരുവാതിരക്കളിക്ക് പിന്‍പാട്ടിന് കുട്ടികളായിരിക്കണമെന്ന്  മാന്വല്‍ പറയുന്നു. കലാരൂപത്തിന്റെ തനിമ നിലനിര്‍ത്തി ആവണം അവതരണം. കുട്ടികള്‍തന്നെ പാടിക്കളിക്കണം. അമിതമായ ചമയങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
നാടന്‍ പാട്ട് മത്സരത്തില്‍ പാട്ടിന്റെ പാരമ്പര്യം വേദിയില്‍ പറയണം. വാമൊഴിയായി കിട്ടിയ പാട്ടുകള്‍ മാത്രമേ ഉപയോഗിക്കാവൂ (അനുഷ്ഠാനപ്പാട്ടുകള്‍, ഉത്സവപ്പാട്ടുകള്‍, കൃഷിപ്പാട്ടുകള്‍ കളിപ്പാട്ടുകള്‍). പ്രാദേശികമായ തനതു വാദ്യോപകരണങ്ങള്‍ കുട്ടികള്‍ തന്നെ ഉപയോഗിക്കണം. പിന്നണി പാടില്ല. ഇലക്‌ട്രോണിക് ഉപകരണങ്ങളോ ,കരാക്കോ, സി.ഡിയോ ഉപയോഗിക്കാന്‍ പാടില്ല. വേഷസംവിധാനങ്ങള്‍ മൂല്യനിര്‍ണ്ണയത്തിന് പരിഗണിക്കുന്നതല്ല.
മൂന്നു മുതല്‍ മൂന്നര മീറ്റര്‍ നീളമുള്ള മുണ്ടാണ് മാര്‍ഗം കളിക്ക് ഉപയോഗിക്കേണ്ടത്. 24 ഞൊറികളുളള അടുക്ക് ഉണ്ടായിരിക്കണം. ഒപ്പനയ്ക്ക് ഉപയോഗിക്കുന്ന ചട്ട മാര്‍ഗം കളിക്ക് പാടില്ല. ക്രമം അനുസരിച്ചുള്ള 14 പാദവും കളിക്കേണ്ടതില്ല. എന്നാല്‍ പാദങ്ങള്‍ ക്രമം തെറ്റാതെ കളിക്കണം .തനതായ വേഷമായിരിക്കണം. നൃത്താവതരണത്തിന് താളം ക്രമീകരിക്കുന്നതിന് കുഴിത്താളം
(ചെറിയ ഇലത്താളം) ഉപയോഗിക്കാം. മറ്റു സംഗീത ഉപകരണങ്ങളോ,പിന്നണിയോ പാടില്ല. ഇങ്ങനെ  കലോത്സവ ഇനത്തിലെ  ചെറിയ   ചെറിയ കാര്യങ്ങളില്‍ ശ്രദ്ധവച്ചാല്‍ പോരായ്മ തിരുത്തി,മത്സരാര്‍ഥികള്‍ക്ക് മുന്നേറമെന്ന് കലോത്സവ മാന്വല്‍ പറയുന്നു.

date