Skip to main content

അനുയാത്ര രക്ഷാകര്‍തൃ ശാക്തീകരണ പരിശീലന  പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

 

സാമൂഹ്യസുരക്ഷാ  മിഷന്‍ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള രക്ഷാകര്‍തൃ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കുള്ള പരിശീലനം ജില്ലയില്‍ ആരംഭിച്ചു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിവൈകല്യം തുടങ്ങിയവയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന പരിശീലകര്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തുടക്കത്തില്‍ ജില്ലയിലെ 2500 ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കും. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ഭിന്നശേഷിക്കാരുടെ പരിചരണത്തില്‍ രക്ഷിതാക്കള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കുകയും അതിലൂടെ അവരെ ദിനചര്യകളില്‍ പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പല്ലുതേപ്പ്, ടോയിലറ്റിങ്, കുളി, വസ്ത്രധാരണം, ഭക്ഷണം കഴിക്കല്‍ തുടങ്ങിയ ദിനചര്യകളില്‍ പ്രത്യേക പരിശീലനം നല്‍കും.  
സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ ട്രെയിനര്‍മാരായ കെ.ജി ദര്‍ശന, ഇ.സുനിത, പി. സരസ്വതി, ടി.ലിയ, ടി.കെ സുമയ്യ, സി .പി എം മുംതാസ്, ഇ. സജി, എസ്.നസീം, സിന്ധു അനൂപ് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായുള്ള അനുയാത്ര എന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് രക്ഷാകര്‍തൃ ശാക്തീകരണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 
കേരള സാമൂഹ്യ സുരക്ഷ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.പി കൈരളി, എസ്.നസീം, സംസ്ഥാന പ്രോഗ്രാം മാനേജര്‍ എസ്. സഹീറുദ്ദീന്‍, ഡോ.ജാവേദ് അനീസ്, പി.ആര്‍.ഒ പി.റിനീഷ്, ജില്ലാ കോ-ഓഡിനേറ്റര്‍ നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.   ജില്ലയിലെ ബി.ആര്‍.സിയിലെയും സ്‌പെഷ്യല്‍ സ്‌കൂളുകളിലെയും ഭിന്നശേഷി രംഗത്ത വിദഗ്ധരും പരിപാടിയില്‍ പങ്കെടുത്തു.
 

date