Skip to main content

ലിറ്റില്‍ കൈറ്റ്‌സ്  ക്യാമ്പുകള്‍ ഇന്നു മുതല്‍ ആരംഭിക്കും

    ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ ഇന്ന്(നവംബര്‍ 16) മുതല്‍ ആരംഭിക്കും. 17 ഉപജില്ലകളിലായി 70 ദ്വിദിന ക്യാമ്പുകളാണ്  ആരംഭിക്കുന്നത്.  80 ക്യാമ്പുകള്‍ നവംബര്‍ 22 നും 17 ക്യാമ്പുകള്‍ ഡിസംബര്‍ ഏഴിനും നടത്തും. ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഗെയിമുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളാണ്  ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത. ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ ഘട്ടങ്ങള്‍, ക്രമാനുഗതമായ ഭ്രമണപഥം ഉയര്‍ത്തല്‍, സോഫ്റ്റ് ലാന്‍ഡിങ് എന്നിവ ഉള്‍പ്പെട്ട കമ്പ്യൂട്ടര്‍ ഗെയിം പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ച്  ഉപയോഗിച്ച് പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികള്‍ തയ്യാറാക്കും. ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള ആനിമേഷനുകള്‍   റ്റുപിട്യൂബ് ഡെസ്‌ക് എന്ന സോഫ്റ്റ്‌വെയറില്‍ ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികളും  തയ്യാറാക്കും. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്  ക്യാമ്പിലെ പരിശീലനവും പ്രവര്‍ത്തനങ്ങളും നടത്തുന്നത്.
    പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് ജില്ലയിലെ 175 സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളില്‍   5546 അംഗങ്ങളാണുള്ളത്.  യൂനിറ്റുകളില്‍ നടന്ന സ്‌കൂള്‍തല ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുത്ത 1400 കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഒരു യൂനിറ്റില്‍  നിന്ന് പ്രോഗ്രാമിങിനും അനിമേഷനും നാലുവീതം കുട്ടികളെയാണ്   ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്.
    ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയറായ 'ആപ്പ് ഇന്‍വെന്റര്‍ 'ഉപയോഗിച്ചുള്ള മൊബൈല്‍ ഗെയിം, ടോര്‍ച്ച് ആപ്പ് എന്നിവയുടെ നിര്‍മ്മാണം, ത്രീഡി അനിമേഷന്‍ സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍, റ്റുഡി അനിമേഷന്‍ സോഫ്റ്റ്‌വെയറായ റ്റുപിട്യൂബ് ഡെസ്‌ക് എന്നിവ ഉപയോഗിച്ചുള്ള അനിമേഷന്‍ നിര്‍മ്മാണം, സൈബര്‍സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍, അവതരണങ്ങള്‍ എന്നിവയാണ് ദ്വിദിന ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന മേഖലകള്‍. 
    ഹൈടെക് സംവിധാനങ്ങള്‍ ക്ലാസ്മുറികളില്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ലിറ്റില്‍കൈറ്റ്‌സ് അംഗങ്ങളെ സജ്ജമാക്കുന്ന  പാഠ്യഭാഗങ്ങളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലിറ്റില്‍ കൈറ്റ്‌സ് റവന്യൂജില്ലാ ക്യാമ്പിലേക്കുള്ള തെരഞ്ഞെടുപ്പും  ഉപജില്ലാ ക്യാമ്പില്‍ നടക്കും.
 

date