Skip to main content

നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി; നിര്‍മാണോദ്ഘാടനം 18 ന്  

 

നടുവണ്ണൂരില്‍ ആരംഭിക്കാനിരിക്കുന്ന വോളിബോള്‍ അക്കാദമിയുടെ നിര്‍മാണോദ്ഘാടനം 18 ന് വൈകീട്ട് മൂന്നുമണിക്ക് കായികവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. തൊഴില്‍ എക്‌സൈസ് വകുപ്പ്മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

 

 

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ സഹായ കേന്ദ്രം; 
ശ്രമിക് ബന്ധു ഉദ്ഘാടനം 18 ന് 

 

 

കേരളത്തില്‍ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ കോഴിക്കോട് ലിങ്ക് റോഡിലെ സമോറിന്‍സ് സ്‌ക്വയറില്‍ ശ്രമിക് ബന്ധു എന്ന പേരില്‍ സഹായകേന്ദ്രം തുടങ്ങും. നവംബര്‍ 18 ന് രണ്ട് മണിക്ക് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അതിഥി തൊഴിലാളികളുടെ ജോലി, ബാങ്കിംഗ്, ആരോഗ്യ സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും ജോലിക്കിടെ അപകടമോ, മരണമോ സംഭവിക്കുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, എം. കെ മുനീര്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. അതിഥി തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ആവഷ്‌ക്കരിച്ച സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആവാസിന്റെ വര്‍ദ്ധിപ്പിച്ച ആനുകൂല്യങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും.

 

 

കയര്‍ തൊഴിലാളി പെന്‍ഷണര്‍മാര്‍ 
അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണം  

 

 

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റി വരുന്ന പെന്‍ഷണര്‍മാരും കുടുബ പെന്‍ഷണര്‍മാരും ആധാര്‍  കാര്‍ഡും, പെന്‍ഷന്‍ രേഖകളും, ബാങ്ക് പാസ്സ് ബുക്കുമായി അക്ഷയകേന്ദ്രങ്ങള്‍ വഴി നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം. കിടപ്പു രോഗികളായിട്ടുള്ള പെന്‍ഷന്‍കാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. ഇവരുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്രം ജീവനക്കാര്‍ വീടുകളില്‍ വന്ന് ചെയ്യുന്നതാണ്. മസ്റ്ററിംഗിന് നടത്തുന്നതിന് പെന്‍ഷന്‍കാര്‍ അക്ഷയകേന്ദ്രങ്ങളില്‍  ഫീസ് നല്‍കേണ്ടതില്ലെന്നും മസ്റ്ററിംഗ് നടത്തിയ പെന്‍ഷന്‍കാര്‍ അക്ഷയകേന്ദ്രളില്‍ നിന്ന്  ലഭിക്കുന്ന  രസീതുകള്‍ കൈപ്പറ്റി സൂക്ഷിക്കേണ്ടതാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

 

 

കുടിശ്ശിക തുക ഒറ്റത്തവണയായി അടക്കാം

 

 

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശികയായി റവന്യൂ റികവറി നടപടി നേരിടുന്ന ഗുണഭോക്താക്കള്‍ക്ക് കുടിശ്ശിക തുക ഒറ്റത്തവണയായി അടച്ചു തീര്‍ക്കുമ്പോള്‍ നാല് ശതമാനം റവന്യൂ റിക്കവറി ചാര്‍ജ്ജ് ഇനത്തില്‍ ഇളവ് ലഭിക്കും. ഇതിന് പുറമേ കോര്‍പ്പറേഷനും രണ്ട് ശതമാനം പിഴപ്പലിശ ഇളവ് നല്‍കും. കൂടാതെ നോട്ടീസ് ചാര്‍ജ്ജും ഈടാക്കില്ല. 2020 മാര്‍ച്ച് 31 വരെ ഈ ആനുകൂല്യം ഗുണഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നതിനായി ജില്ലാ/സബ് ജില്ലാ ഓഫീസുകളില്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കോര്‍പ്പറേഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ഈ ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി രാഘവന്‍, മുന്‍ എം.എല്‍എ യും മാനേജിംഗ് ഡയറക്ടറുമായ ഡോ എം.എ നാസര്‍ എന്നിവര്‍ അറിയിച്ചു.

 

 

വരക്കാഴ്ച : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്ര രചനാ മത്സരം

 

 

കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ഡിസംബര്‍ 15, 16 തീയതികളില്‍ കുന്നുമ്മല്‍ ബ്ലോക്കിലെ ക്ഷീര സഹകരണ സംഘത്തില്‍ നടത്തുന്നതിനോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്ര രചനാ മത്സരം നടത്തും. ഡിസംബര്‍ ഏഴിന് നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വരക്കാഴ്ച എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം. ക്ഷീര മേഖലയെ അടിസ്ഥാനമാക്കിയ വിഷയങ്ങളിലാണ് രചന നടത്തേണ്ടത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര്, വിലാസം, സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ് എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ varakkazhcha2019@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ നവംബര്‍ 30 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  0495 2371254, 9447755949.

 

 

പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തണം 

 

 

തദ്ദേശസ്ഥാപനങ്ങള്‍ മുഖേന നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും, പുതുതായി പാസ്സായ ആക്ടീവ് പെന്‍ഷന്‍ ഗുണഭോക്താക്കളും അക്ഷയകേന്ദ്രം വഴി നബംവര്‍ 18 മുതല്‍ 30 വരെ മസ്റ്ററിംഗ് നടത്തേണ്ടതാണ്. മസ്റ്ററിംഗ് നടത്തുന്നതിന് അക്ഷയയില്‍ പോവുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ പെന്‍ഷന്‍ ഐഡി കൂടി കരുതണം. കിടപ്പുരോഗികള്‍ അടുത്ത ബന്ധുക്കള്‍ മുഖേന പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശസ്ഥാപനത്തില്‍ നവംബര്‍ 29 നകം ഈ വിവരം അറിയിക്കണം. അറിയിക്കുന്നവരുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുമെന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

 

വാര്‍ഡ് അസിസ്റ്റന്റ് ഇന്റര്‍വ്യൂ

 

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രം ആര്‍.എസ്.ബി.വൈക്ക് കീഴില്‍ വാര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി, ഒഴിവുകളുടെ എണ്ണം ആറ്, താല്‍പ്പരമ്യമുള്ളവര്‍ 19 ന് രാവിലെ 11 മണിക്കകം ഐ.എം.സി.എച്ച് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. 

 

 

date