Skip to main content

പാറശാലയില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം

 

    പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്‌കാനിംഗ് സെന്റര്‍, ഹൈ മാസ് ലൈറ്റ്, പൊതു ശൗചാലയം, അമിനിറ്റി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, ഹൃദ്രോഗ നിര്‍ണയത്തിനുള്ള ടി.എം.ടി. തുടങ്ങിയ സൗകര്യങ്ങള്‍ പുതുതായി ലഭ്യമാക്കും. ആരോഗ്യ വകുപ്പ്, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പങ്കാളിത്തത്തോടെ കേന്ദ്ര സര്‍ക്കാര്‍  സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലൈഫ് കെയറുമായി കരാറില്‍ ഏര്‍പ്പെട്ടാണ് പദ്ധതി നടപ്പാക്കിയത്.  ഇതിലൂടെ കുറഞ്ഞ നിരക്കില്‍ രോഗ നിര്‍ണയ പരിശോധനകള്‍ സാധ്യമാക്കാനാകും. നവംബര്‍ 20 മുതല്‍ സേവനം ലഭ്യമായി തുടങ്ങുമെന്ന്  ആശുപത്രി സൂപ്രണ്ട് ഡോ. ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

    പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് വനിതകള്‍ക്കായാണ് ടോയ്ലറ്റ് സമുച്ചയം നിര്‍മിച്ചത്. എം എല്‍ എയുടെ ഫണ്ടില്‍ നിന്നും പത്തു ലക്ഷം രൂപ വിനിയോഗിച്ച് അമ്മമാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വിശ്രമ മന്ദിരം അഥവാ ലേഡീസ് അമിനിറ്റി സെന്റര്‍ നിര്‍മിച്ചു.  ഈ വിശ്രമ മന്ദിരത്തില്‍ ഫീഡിങ് ഏരിയ, സ്ത്രീകളായ കൂട്ടിരുപ്പുകാര്‍ക്ക് ആവശ്യമായ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ബിനോയ് വിശ്വം എം.പിയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച രണ്ട് ഹൈ മാസ്സ് ലൈറ്റുകളുടെയും ഉദ്ഘാടനം നടന്നു.

    പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ അധ്യക്ഷത വഹിച്ചു. പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,എച്ച് എല്‍ എല്‍ വൈസ് പ്രസിഡന്റ് വിനോദ് പിള്ള,എച്ച് എല്‍ എല്‍ കാര്‍ഡിയോളോജിസ്‌റ് എ.സി. റാവു, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ പി.വി.അരുണ്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍  പങ്കെടുത്തു.
(പി.ആര്‍.പി. 1234/2019)

 

date