Skip to main content

ലൈഫ് മിഷൻ: പങ്കാളിത്തപദ്ധതിക്ക് തയാറാവുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് മുൻഗണന

ഭവനരഹിതർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷനിൽ പങ്കാളിത്തരീതിയിൽ ഭവനങ്ങൾ നിർമിക്കാൻ തയാറാകുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് മുൻഗണന നൽകുമെന്ന് ലൈഫ് മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ യു.വി. ജോസ് അറിയിച്ചു. വർഷാവസാനത്തോടെ രണ്ട് ലക്ഷം കുടുംബങ്ങളുടെ സ്വന്തം ഭവനമെന്ന സ്വപ്നം യാഥാർത്ഥ്യമാകും. ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ച എറണാകുളം ജില്ലയിലെ ഹൗസിംഗ് ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാമ്പത്തിക വർഷത്തോടെ ലൈഫ് മിഷന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മൂന്നാംഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കും. ഒന്നേകാൽ ലക്ഷം കുടുംബങ്ങളെയാണ് മൂന്നാം ഘട്ടത്തിൽ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിരിക്കുന്നത്. ലൈഫ് മിഷൻ ഭവനനിർമ്മാണ പദ്ധതി മാത്രമല്ലെന്നും ഒരു കുടുംബത്തെ സ്വന്തം കാലിൽ നിർത്താനുള്ള സംസ്ഥാന സർക്കാരിന്റെ വലിയ ഉദ്യമമാണതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ലക്ഷ്യം മുന്നിൽ കണ്ട് അടുത്ത മാസം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമങ്ങൾ ആരംഭിക്കും. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അർഹമായ എല്ലാ സർക്കാർ സഹായങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് കുടുംബ സംഗമങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. വീടും സ്ഥലവും ഇല്ലാത്തവർക്ക് ഭവനം ഒരുക്കുന്ന ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ബഹുനില കെട്ടിടങ്ങളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെങ്കിലും ബന്ധപ്പെട്ട പഞ്ചായത്തുകളിലെ സ്ഥല ലഭ്യതയനുസരിച്ച് ഭവന നിർമ്മാണം പൂർത്തീകരിക്കാം. സ്ഥലപരിമിതി ഉള്ളിടത്ത് പരമാവധി നാല് നിലകളുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കുക. വരുംദിവസങ്ങളിൽ പദ്ധതിക്കായി ഭൂമി കണ്ടെത്താനുള്ള ഊർജ്ജിത ശ്രമം ഉദ്യോഗസ്ഥർ നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
റവന്യൂ പുറമ്പോക്ക് ഉൾപ്പെടെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഉപയോഗമില്ലാത്ത സ്ഥലങ്ങളും ലൈഫ് പദ്ധതിക്ക് ലഭ്യമാക്കാൻ അപേക്ഷ നൽകാമെന്ന് പറഞ്ഞ സി.ഇ.ഒ പദ്ധതിക്ക്  ഭൂമി കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾക്ക് മന്ത്രിസഭയുടെ പിന്തുണയുണ്ടെന്നും കൂട്ടിച്ചേർത്തു. പ്രകൃതി സൗഹൃദ നിർമ്മാണ രീതികളിലേക്ക് ലൈഫ് മിഷന് കീഴിലെ ഭവന നിർമ്മാണം സ്വാഭാവികമായി മാറണമെന്ന് നിർദ്ദേശിച്ച യു. വി ജോസ് ഇത്തരം നിർമ്മാണ രീതികൾ നിർബന്ധമാക്കില്ലെന്നും വ്യക്തമാക്കി. ലൈഫ് മിഷൻ എറണാകുളം ജില്ലാ കോഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രോഗ്രാം ഡയറക്ടർ കെ.ജി തിലകൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്.4138/19

date