Skip to main content

തൃശൂർ ആകാശപാതയ്ക്ക് തറക്കല്ലിട്ടു; സ്വപ്നപദ്ധതി 8 മാസത്തിനകം

അമൃത് പദ്ധതിയുടെ ഭാഗമായി തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ ശക്തൻ നഗറിൽ നിർമ്മിക്കുന്ന ആകാശപാതയുടെ നിർമ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. പദ്ധതി നിർമ്മാണത്തിനുളള കരാർരേഖയും മന്ത്രി കൈമാറി. ശക്തൻ നഗറിൽ നടന്ന പരിപാടിയിൽ കോർപ്പറേഷൻ മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ നഗരത്തിന്റെ സ്വപ്ന പദ്ധതിയാണ് ആകാശനടപ്പാതയെന്നും, നടപ്പാതാനിർമ്മാണം പൂർത്തിയാവുന്നതോടെ തൃശൂർ നഗരത്തിന് പുതിയ മുഖം കൈവരുമെന്നും മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. അഞ്ചരകോടി രൂപ ചെലവിലാണ് ആകാശപാത നിർമ്മിക്കുക. ഓൾഡ് പട്ടാളം-ശക്തൻ തമ്പുരാൻ നഗർ റോഡ്, വെസ്റ്റ്‌റിങ് റോഡ്, ശക്തൻ തമ്പുരാൻ നഗർ റോഡ്, ശക്തൻ തമ്പുരാൻ ഹൈറോഡ് കണക്ഷൻ റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് മാതൃഭൂമി റൗണ്ടിന് ചുറ്റുമായി ആകാശപാത നിർമ്മിക്കുന്നത്. വൃത്താകൃതിയിൽ റോഡ് നിരപ്പിൽ നിന്നും 6 മീറ്റർ ഉയരത്തിൽ 279 മീറ്റർ ചുറ്റളവിലാണ് പാത വിഭാവനം ചെയ്തിട്ടുളളത്. 3 മീറ്റർ വീതിയുളള പാതയ്ക്ക് നാല് വശങ്ങളിൽ നിന്നായി 8 കവാടങ്ങൾ കാണും. പടവുകൾക്ക് 2 മീറ്റർ വീതമാണ് വീതി. 60 സെന്റിമീറ്റർ വ്യാസമുളള 16 കോൺക്രീറ്റ് തുണുകളിലാണ് പാത ഉയരുക. 8 മാസത്തിനുളളിൽ പണി തീർക്കുമെന്ന് കരാറുകാരനായ മുഹമ്മദ് ബുഖാരി ഉറപ്പ് നൽകി. അർബൻ പ്ലാനർ പി ജെ റഹ്മത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ അംഗങ്ങളായ പി സുകുമാരൻ, വർഗ്ഗീസ് കണ്ടംകുളത്തി, എം എസ് സമ്പൂർണ്ണ, മുൻമേയർ അജിത ജയരാജൻ, കൃഷ്ണൻകുട്ടി മാസ്റ്റർ, അനൂപ് ഡേവീസ് കാട, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ റാഫി പി ജോസ് സ്വാഗതവും അസി. എഞ്ചിനീയർ ഡിറ്റോദാസ് നന്ദിയും പറഞ്ഞു.

date