Skip to main content

കുന്നംകുളം മണ്ഡലം വിദ്യാഭ്യാസ സ്ഥാപന വികസനത്തിന് ചെലവഴിച്ചത് 63 കോടി രൂപ: മന്ത്രി എ സി മൊയ്തീൻ

കുന്നംകുളം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി ഇതേവരെ 63 കോടി രൂപ ചെലവഴിച്ചതായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ പാറപ്പുറം ഗവ. എൽ പി സ്‌കൂളിൽ മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 62 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കെട്ടിട നിർമാണങ്ങൾ അവസാന ഘട്ടത്തിലാണ്. കടങ്ങോട് പഞ്ചായത്തിൽ മാത്രം നിലവിൽ അഞ്ചുകോടി രൂപയുടെ സ്‌കൂൾ കെട്ടിട നിർമാണമാണ് നടന്നുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കുന്നംകുളം നഗരത്തിന്റെ വികസനങ്ങൾക്കായി 125 കോടി രൂപ ചെലവഴിക്കും. നഗരത്തിലെ പട്ടാമ്പി റോഡിലെ കുപ്പികഴുത്ത് മാറ്റി റോഡ് വികസിപ്പിക്കും. ഇതിന്റെ ഭാഗമായി പോർക്കുളത്തേക്കും നിലവാരമുള്ള പാത നിർമിക്കും. വടക്കാഞ്ചേരി- കുന്നംകുളം പാതയെ മികവുറ്റ രീതിയിൽ പുനർ നിർമിക്കും. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ആദൂർ വഴിയുള്ള നീണ്ടൂർ - വെള്ളറക്കാട് റോഡ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചെലവിൽ വികസിപ്പിക്കും. കലശമല ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട വികസനത്തിന് 10 കോടി രൂപ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കല്യാണി എസ് നായർ, കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ എം നൗഷാദ്, കെ ആർ സിമി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എ എം മുഹമ്മദ് കുട്ടി, വിദ്യാലയ വികസന സമിതി കൺവീനർ പി വി കൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, പ്രധാനാധ്യാപിക വി കെ ബീന, പി ടി എ പ്രസിഡന്റ് സി കെ രമേഷ് എന്നിവർ പങ്കെടുത്തു.

 

date