Skip to main content

സഹകരണ സംഘങ്ങളുടെ കൂട്ടായ്മ പുനരധിവാസത്തിന് ഗുണമായത്

പ്രളയകാലത്ത് സഹകരണ സംഘങ്ങൾ കൂട്ടായി നിന്നത് പുനരധിവാസത്തിന് ഗുണം ചെയ്തുവെന്ന് ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ. കുന്നംകുളത്ത് 66-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ തല സഹകാരി സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാമ്പത്തിക ഞെരുക്കമുണ്ടായപ്പോഴും കേരളത്തിലെ സഹകരണ ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങളും പ്രതിസന്ധിയിൽ പെടാതെ നിലനിന്നത് തികച്ചും ജനകീയമായ പങ്കാളിത്തത്തിന്റെ തെളിവാണ്. സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന സഹകരണ സ്ഥാപനങ്ങൾ നാടിന്റെ നേർവെളിച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസംഗ പ്രബന്ധ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. നഗരസഭാ വൈസ് ചെയർമാൻ പി എം സുരേഷ്, വാർഡ് കൗൺസിലർ പി ഐ തോമസ്, തൃശൂർ എസ് സി ബി പ്രസിഡന്റ് എം കെ കണ്ണൻ, പി എ സി എസ് അസോസിയേഷൻ സെക്രട്ടറി കെ മുരളീധരൻ, ജോസഫ് ചാലിശേരി, ഗീത ഉദയശങ്കർ, ജോയ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.
തുടർന്ന് കെയർഹോം സി ഡി പ്രകാശനവും ''വിജയഗാഥകളിലൂന്നിയുള്ള പുന: പരിശീലനവും വിദ്യാഭ്യാസവും'' എന്ന വിഷയത്തിൽ പ്രബന്ധാവതരണവും തൃശൂർ ഗവ. ലോ കോളേജ് അസി. പ്രൊഫ. ലിനിപ്രിയ വാസവൻ നിർവഹിച്ചു. തൃശൂർ ജില്ലാ സഹകരണ ബാങ്ക് കൺകറന്റ് ഓഡിറ്റർ ഗ്ലാഡി ജോൺ പുത്തൂർ മോഡറേറ്ററായിരുന്നു. തലപ്പിള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ പി ബി സിന്ധു, സുകു കെ ഇട്ടേശ്യൻ, ഷോബിൻ തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തൃശൂർ ജോയിന്റ് രജിസ്ട്രാർ ജനറൽ ടി കെ സതീഷ്‌കുമാർ സ്വാഗതവും തൃശൂർ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ടി ഹരിദാസ് നന്ദിയും പറഞ്ഞു.

date