Skip to main content

പ്രളയത്തിൽപ്പെടുന്നവരെ താമസിപ്പിക്കാൻ പ്രത്യേക ഷെൽട്ടർ: എ സി മൊയ്തീൻ

പ്രളയത്തിൽ പെടുന്നവരെ താമസിപ്പിക്കാൻ പ്രത്യേക ഷെൽട്ടർ സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. തളിക്കുളം വൊക്കേഷ്ണൽ ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ പുതിയ ക്ലാസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളുടെ വികസനത്തിനായി ആറായിരം കോടി രൂപയാണ് സർക്കാർ മാറ്റി വച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മികവിനൊപ്പം സ്‌ക്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് നാനൂറ് കോടി രൂപ കിഫ്ബി വഴി സർക്കാർ നൽകും. നവ കേരള സൃഷ്ടിയിൽ റോഡുകളുടെയും തൊഴിലവസരങ്ങളുടെയും വികസനം മാത്രമല്ല വിദ്യാഭ്യാസവും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിച്ചത് ഇന്ന് തിരിച്ചു കിട്ടുകയാണ്. ലഹരി വ്യാപനത്തിന്റെ കാരിയർമാരായി കുട്ടികളെ ഉപയോഗിക്കുന്നതിന് ജാഗ്രതയുണ്ടാകണം. സ്‌ക്കൂളുകളിലെ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ബിൻ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞും. ഗീതാ ഗോപി എം എൽ എ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ സുഭാഷിണി മഹാദേവൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ,പ്രധാനാധ്യാപിക കെ ടി വസന്തകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date