Skip to main content

മലിനീകരണ നിയന്ത്രണത്തിന് പരിശോധനകളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ശബരിമല തീര്‍ഥാടന കാലയളവില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ളവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമൊരുക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കുടിവെള്ളം, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, നദിജലം, വായു എന്നിവയിലെ മാലിന്യത്തിന്റെ തോത് കണക്കാക്കി ആവശ്യമായ നടപടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീകരിക്കും. ഇതിനായി പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പരിശോധനാ ലാമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.  പരിശോധനകള്‍ക്കായി പമ്പയില്‍ രണ്ടു ലാബുകളാണുള്ളത്. പമ്പയിലെ കുടിവെള്ള കിയോസ്‌ക്കുകളിലെ ജലത്തിന്റെ പരിശുദ്ധി കണക്കാക്കുന്നതിന്റെ ഭാഗമായി കോളിഫോറോ ബാക്ട്ടീരിയയുടെ അളവ് പൂജ്യമാണെന്ന് ഉറപ്പുവരുത്തും. കൂടാതെ പമ്പയിലെ രണ്ടു ലാമ്പുകളിലായി നദിയിലെ ജലം ദിവസവും ശേഖരിച്ച് കോളിഫോറോ ബാക്ടീരിയയുടെ അളവ് പരിശോധന, സ്വീവേജ് ട്രീറ്റ്മെറ്റ് പ്ലാന്റിലെ ജലത്തിന്റെ പരിശോധന, വായുവിന്റെ ഗുണനിലവാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദിവസവും പരിശോധിച്ച് ഉറപ്പുവരുത്തും. ഇത്തവണ സന്നിധാനത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാവിധ പരിശോധനകള്‍ക്കും സ്ഥിരം പരിശോധന ലാബ് ഒരുക്കിയിട്ടുണ്ട്. സന്നിധാനത്തിന് സമീപത്തെ നുണങ്ങാറിലെ ജലത്തില്‍ കോളിഫോറോ ബാക്ടീരിയയുടെ അളവ് പരിശോധിക്കും. വലിയാനവട്ടം, അട്ടത്തോട്, കണമല, അഴുത എന്നിവിടങ്ങളിലെ നദിയിലെ ജലത്തിന്റെ ഗുണനിലവാരം ആഴ്ചകള്‍തോറും പരിശോധിക്കും. 

പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സ്വീവേജ് ട്രീറ്റ്മെറ്റ് പ്ലാന്റ്, ഇന്‍സിനറേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പുവരുത്തും. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഖരമാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരീക്ഷിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലെ ബയോ-മെഡിക്കല്‍ മാലിന്യങ്ങള്‍, ഇത് സംസ്‌ക്കരിക്കുന്ന ഇമേജിന്റെ പാലക്കാട്ടെ കോമണ്‍ ട്രീറ്റ്മെറ്റ് പ്ലാന്റിലേക്ക് അയക്കുന്നുവെന്ന് ഉറപ്പുവരുത്തും. പമ്പയിലേയും പരിസരത്തെയും നദിയിലെ മാലിന്യത്തിന്റെ അളവ് കണക്കാക്കി വെള്ളം ഒഴുക്ക് കണക്കിലെടുത്ത് തുറന്നു വിടുന്നതിന് ബന്ധപ്പെട്ടവരെ യഥാസമയം അറിയിക്കും.

ആഴ്ചകള്‍തോറും പമ്പയിലെ വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മമുള, ചെങ്ങന്നൂര്‍, തകഴി, എടത്വ, പുളിംകുന്ന് എന്നിവിടങ്ങളിലെ ജലത്തിന്റെ സാമ്പിളെടുത്ത് കോളിഫോറോ ബാക്ടീരിയയുടെ അളവ് പരിശോധിക്കും. ശബരിമലയിലും പരിസരത്തും എന്‍.എസ്.എസ് വോളിണ്ടിയര്‍മാരുടെ പത്തു പേരടങ്ങുന്ന സംഘമായി പരിസ്ഥിതി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ജില്ലാ പരിസ്ഥിതി എഞ്ചിനിയര്‍ അലക്സാണ്ടര്‍ ജോര്‍ജ് അറിയിച്ചു.                                      

date