Skip to main content
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗമായി കണ്ണൂര്‍ യൂണിവേഴ്‌സ് സിറ്റി മാങ്ങാട്ടുപറമ്പ ക്യാമ്പസില്‍  ഒരുക്കിയ സ്‌പോര്‍ട്‌സ് എക്‌സ്‌പോ സ്റ്റാള്‍ കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ സന്ദര്‍ശിക്കുന്നു

കായിക മാമാങ്ക വേദിയിൽ വിജ്ഞാനം പകർന്ന് സ്പോർട്സ് എക്സ്പോ

കായിക രംഗത്തെ നേട്ടങ്ങൾ, പുതിയ പദ്ധതികൾ എന്നിങ്ങനെ കായിക കേരളത്തിന്റെ ഓരോ തുടിപ്പും നിറഞ്ഞ് നിൽക്കുന്ന അത്യപൂർച്ച വേദിയായിരുന്നുസംസ്ഥാന  സ്കൂൾ കായിക മേളയോടനുബന്ധിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ കായിക വകുപ്പ്  ഒരുക്കിയ

സ്പോർട്സ് എക്സ്പോ. "കരുത്തോടെ കായികം കുതിപ്പിൽ കേരളം" എന്ന പേരിലാണ് എക്സ്പോ ഒരുക്കിയത്.

 

 കഴിഞ്ഞ മൂന്നര വർഷത്തിനിടെ കായിക രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ  നേർച്ചിത്രമായിരുന്നു എക്സ്പോ. അടിസ്ഥാന സൗകര്യ വികസനം, കായികപരിശീലനം, കായികക്ഷേമം തുടങ്ങിയ  മേഖലകളിൽ കായിക വകുപ്പ് നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിവരങ്ങളാണ് എക്സ്പോയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. 

 

കായിക താരങ്ങൾക്കും പൊതുജനങ്ങൾക്കുമായി 17 കേന്ദ്രങ്ങളിൽ ആരംഭിച്ചിരിക്കുന്ന  സ്പോർട് ഫിറ്റ്നസ് സെൻറർ, കളിക്കളത്തിൽ പരിക്കേൽക്കുന്ന താരങ്ങൾക്ക് മികച്ച പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന സ്പോർട് മെഡിസിൻ സെന്റർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എക്പോയിലെ മുഖ്യ ആകർഷകങ്ങളായി.കായിക വികസനവും നേട്ടങ്ങളും വിവരിക്കുന്ന നാൽപ്പതോളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു. പുതുതായി നിർമ്മിക്കുന്ന കളിക്കളങ്ങൾ, സ്റ്റേഡിയങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, പരിശീലന പദ്ധതികൾ, പരിശീലന സഹായം, സ്പോട്സ് ക്വാട്ട നിയമനം, ധന സഹായം തുടങ്ങിയവയെല്ലാം പ്രദർശനത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

 

 സ്പോർട് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് മേഴ്സിക്കുട്ടൻ, കേരളത്തിലെ മുതിർന്ന കായികാധ്യാപകൻ തോമസ് മാഷ്, ദേശീയ കായിക താരങ്ങളായ അനു മാത്യു, ആൻസി സോജൻ എന്നിവർ ചേർന്ന് എക്സ്പോയുടെ ഉദ്ഘാടനം നിർവഹിച്ചു. കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ എക്സ്പോ സന്ദർശിച്ച് വിലയിരുത്തി.മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി ക്യാമ്പസിനകത്ത് ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ എതിർവശത്തായി ടെന്നീസ് കോർട്ടിന് സമീപമാണ് എക്സ്പോ സജ്ജീകരിച്ചിരിക്കുന്നത്. പ്രദർശനം 19 വരെ തുടരും.

date