Skip to main content
ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി  10 സെന്റില്‍ താഴെ മാത്രം ഭൂമി നഷ്ട്പ്പെട്ടവര്‍ക്കുള്ള  പ്രത്യേക ധനസഹായ വിതരണം  മന്ത്രി ഇ.പി.ജയരാജന്‍  നിര്‍വഹിക്കുന്നു

നാമമാത്ര ഭൂവുടമകള്‍ക്ക് 1.05 കോടി നല്‍കി ഗെയിലിലൂടെ ലക്ഷ്യമിടുന്നത് വ്യാവസായിക കുതിപ്പ്: മന്ത്രി ഇ പി ജയരാജന്‍

സംസ്ഥാനത്തിന്റെ വ്യാവസായിക കുതിപ്പും ഓരോ കുടുംബത്തിന്റെയും അഭിവൃദ്ധിയുമാണ് ഗെയില്‍ പൈപ്പ് ലെന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യാവസായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍.  കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഭൂമി നല്‍കിയ നാമമാത്ര ഭൂവുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന്റെ ഭാഗമായുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടാങ്കര്‍ ലോറികള്‍ വഴി ഗ്യാസ് കൊണ്ടുപോകുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ പദ്ധതി വഴി ഒഴിവാക്കാന്‍ കഴിയുമെന്നും ഭൂമിക്കടിയിലൂടെയുള്ള പൈപ്പ് ലൈന്‍ ഏറെ സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ ശാസ്ത്രീയ സുരക്ഷാ പരീക്ഷണങ്ങളും നടത്തിയതിന് ശേഷമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. കേരളത്തില്‍ മാത്രമാണ് ഭൂവുടമകള്‍ക്ക് സ്‌പെഷ്യല്‍ പാക്കേജ് നല്‍കുന്നത്. ഗാര്‍ഹിക ഉപയോഗത്തില്‍ എല്‍ പി ജിയെക്കാള്‍ 40 ശതമാനം വിലക്കുറവ് ലഭിക്കും. 4700 കോടി രൂപയാണ് കേരള-കര്‍ണാടക സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ ചെലവ്. നേരത്തെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്ത് വലിയ വികസന വളര്‍ച്ചയുണ്ടാകുമായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിന് പരിഹാരം കാണാനുള്ള ഇടപെടലുകള്‍ നടത്തിയത്. കൃഷിക്കാരുടെ താല്‍പര്യം പരമാവധി സംരക്ഷിക്കത്തക്ക വിധത്തില്‍ അതോറിറ്റിയുമായി ചര്‍ച്ച നടത്തി ആവശ്യം അംഗീകരിപ്പിച്ചുകൊണ്ടാണ് പ്രശ്‌നം പരിഹരിക്കാനായത്. ഒരുപാട് തെറ്റിദ്ധാരണകളും തെറ്റായ പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് പദ്ധതി വൈകാന്‍ കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്കായി ഭൂമി നല്‍കിയ നാമമാത്ര ഭൂവുടമകള്‍ക്കുള്ള പ്രത്യേക ധനസഹായമാണ് പരിപാടിയില്‍ വിതരണം ചെയ്തത്. 21 ഭൂമുടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം 1.05 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. നാദാപുരം മുതല്‍ നിലേശ്വരം വരെയുള്ള കണ്ണൂര്‍ സ്പ്രെഡിന് കീഴില്‍ വരുന്ന 110 കിലോമീറ്റര്‍ ദൂരത്തിലുള്ള പദ്ധതി പ്രദേശങ്ങളില്‍ സ്ഥലം വിട്ടുനല്‍കിയ ഭൂവുടമകളില്‍ നിന്ന് ലഭിച്ച 40 അപേക്ഷകളില്‍ തെരഞ്ഞെടുക്കപ്പെട്ട 20 പേര്‍ക്കായിരുന്നു സഹായ വിതരണം. കാര്‍ഷിക വിളകള്‍ക്ക് നഷ്ടം വന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിന് പുറമെയാണ് സ്‌പെഷ്യല്‍ പാക്കേജ് നല്‍കിയത്. വിള നഷ്ടമായ വയലിന് സെന്റിന് 3760 രൂപയാണ് നല്‍കിയിരുന്നത്. ജില്ലയില്‍ കൃഷിനാശത്തിനായി ഇതുവരെ 40.86 കോടി രൂപയും 10 മീറ്റര്‍ ഭൂമിയിലെ നിയന്ത്രിത ഭൂമിക്ക് 1.93 കോടി രൂപയും നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ കെ രാഗേഷ് എം പി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇപി മേഴ്‌സി, ഗെയില്‍ സീനിയര്‍ മാനേജര്‍ സയിദ് സിറാജുദ്ദീന്‍, ഗെയില്‍ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ പി ഡി അനില്‍ കുമാര്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date