Skip to main content
മുണ്ടേരി ജി എച്ച് എസ് എസ് വികസന പദ്ധതിയുടെ ഭാഗമായി  ലഭ്യമാക്കുന്ന സി എസ് ആര്‍ ഫണ്ട്  ധാരണ പത്രം കെ.കെ.രാഗേഷ് എം.പി കൈമാറുന്നു

ആറളം ഫാം ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ വികസനത്തിന് നാല്‍പ്പത് കോടിയുടെ പദ്ധതി : കെ കെ രാഗേഷ് എം പി. മുണ്ടേരി സ്‌കുള്‍ വിവിധ പദ്ധതികളുടെ ധാരണപത്രം കൈമാറി

ആറളം ഫാം ഹയര്‍സെക്കണ്ടറി സ്‌കുളിന്റെ വികസനത്തിനായി നാല്‍പ്പത് കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് കെ കെ രാഗേഷ് എം പി. മുണ്ടേരി ഗവ ഹയര്‍സെക്കണ്ടറി സ്‌കുള്‍ വിവിധ പദ്ധതികളുടെ ധാരണപത്രം ജില്ലാ പഞ്ചായത്തുമായി ഒപ്പുവെക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം പി. 95 ശതമാനത്തോളം ആദിവാസിമേഖലയിലെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ആറളം ഫാം ഹയര്‍സെക്കന്ററി സ്‌കുള്‍. കായികമേഖലയില്‍ കഴിവ് പ്രകടമാക്കാന്‍ സാധിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ ഈ മേഖലയിലുണ്ട്. അത്തരം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയാവും സ്‌കുളിന്റെ വികസന പദ്ധതി നടപ്പാക്കുക എന്നും എം പി വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഫണ്ട് ഏകോപിപ്പിച്ചും സി എസ് ആര്‍ ഫണ്ടു ഉപയോഗിച്ചുമാവും പദ്ധതി യാഥാര്‍ഥ്യമാക്കുക. മാസ്റ്റര്‍ പ്ലാന്‍ ഡിസബംര്‍ ഏഴിന് ജില്ല കലക്ടര്‍ ടി വി സുഭാഷ് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ കെ കെ രാഗേഷ് എം പി പ്രകാശനം ചെയ്യും. മുണ്ടേരി സ്‌കുളിന്റെ കാര്യത്തില്‍ മികച്ച പ്രതികരണമാണ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഭാഗത്ത് നിന്നുണ്ടായതെന്നും അതുകൊണ്ട് തന്നെ ഉദ്ദേശിച്ച സമയത്ത് പദ്ധതി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും എം പി കൂട്ടിച്ചേര്‍ത്തു. മുണ്ടേരി സ്‌കുള്‍ പ്ലസ് ടു ക്ലാസ് മുറികളുടയും 4 ഹൈടെക് ക്ലാസ് മുറികളുടെയും നിര്‍മ്മാണത്തിന് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് നല്‍കുന്ന ഒരു കോടി 20 ലക്ഷം രൂപയുടെ ധാരണാ പത്രം   ഡിജിഎം കെ ടി അവിനാഷും സ്‌കുളിലെ മുഴുവന്‍ ആവശ്യങ്ങള്‍ക്കുമായി 100 കിലോ വാട്ട് വൈദ്യുതി ഉദ്പ്പാദിപ്പിക്കാന്‍ കഴിയുന്ന സോളാര്‍ പാനലിന്റെ നിര്‍മ്മാണത്തിനായി 66 ലക്ഷത്തി എണ്‍പത്തി അഞ്ചായിരം രൂപയുടെ ധാരണ പത്രം എസ് ജി വി എന്‍ ലിമിറ്റഡ് സീനിയര്‍ എജിഎം അവതേഷ് പ്രസാദും എം പി ക്ക് കൈമാറി.
ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍, മുണ്ടേരി ഗവ ഹയര്‍സെക്കന്ററി സ്‌കുള്‍ പ്രിന്‍സിപ്പല്‍ ഇ രത്‌നാകാരന്‍ എന്നിവര്‍ സംസാരിച്ചു.

date