Skip to main content
കണ്ണൂര്‍ കലട്രേറ്റില്‍ നടന്ന   കണ്ണൂര്‍ താലൂക്ക് തല പൊതുജന പരാതി പരിഹാര അദാലത്തില്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് പരാതി കേള്‍ക്കുന്നു

ഉദ്യോഗസ്ഥര്‍ സേവകരാകേണ്ടത് പ്രവൃത്തിയിലൂടെ: ജില്ലാ കലക്ടര്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

ജനങ്ങളാണ് ഭരണത്തിന്റെ കേന്ദ്രമെന്നും ഉദ്യോഗസ്ഥര്‍ സേവകരാണെന്നത് എഴുത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും കാണിക്കണമെന്നും  ജില്ലാ കലക്ടര്‍ ടി വി സുഭാഷ്.  കണ്ണൂര്‍ താലൂക്ക് തലത്തില്‍ സംഘടിപ്പിച്ച പരാതി പരിഹാര  അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ പരാതികള്‍ എത്രയും വേഗം പരിഹരിക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. അദാലത്തില്‍ പരിഗണിച്ച 11 പരാതികളില്‍ 5 എണ്ണം തീര്‍പ്പായി. പുതുതായി ലഭിച്ച  23 പരാതികളില്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകളോട് കലക്ടര്‍ നിര്‍ദേശിച്ചു.  വിവിധ ക്ഷേമ പെന്‍ഷനുകള്‍, വീട് നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ടാണ്  കൂടുതല്‍ പരാതികളും ലഭിച്ചത്. ചാല ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ജോലി, ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍, അപകടാവസ്ഥയിലുള്ള കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ പരാതികളും അദാലത്തില്‍ പരിഗണിച്ചു.  
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍, തഹസില്‍ദാര്‍ (എല്‍ ആര്‍) പി പി സത്യനാഥന്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആഷിഖ് തോട്ടോന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ (ഇലക്ഷന്‍) കെ ബി ഷാജു, വിവിധ  വകുപ്പ്  മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date