Skip to main content

ജനാധിപത്യവൽക്കരണം അർഥപൂർണമാവണം: മന്ത്രി സി രവീന്ദ്രനാഥ് കുറുമാത്തൂരില്‍ 79 ലൈഫ് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

ജനാധിപത്യവൽക്കരണം അർഥപൂർണവും സമ്പന്നവുമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇന്ത്യയിൽ ഇന്ന് ഏറ്റവും നല്ല ജനകീയ ഭരണകൂടം തദ്ദേശ സ്ഥാപനങ്ങളാണെന്നും പഞ്ചായത്തുകൾക്ക് ആവശ്യമായ സഹായവും ദിശാബോധവും നൽകി അവയെ യഥാർത്ഥ ഭരണകൂടമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ  നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും ഐ എസ് ഒ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

നയരൂപീകരണത്തിൽ ജനങ്ങൾക്ക് നേരിട്ട് പങ്കാളികളാകാൻ കഴിയുന്നത് കൊണ്ടാണ് പഞ്ചായത്തുകൾ മികച്ച ഭരണകൂടമാകുന്നത്.  അധികാര വികേന്ദ്രീകരണത്തിന്റെ ലക്ഷ്യവും അതാണ്. രാജ്യത്ത് പലയിടങ്ങളിലും സ്വകാര്യവൽക്കരണം നടക്കുമ്പോൾ കേരളം ബദൽ സംസ്കാരം വളർത്തിയെടുക്കുകയാണ്. എല്ലാവർക്കും വീട്,  സർക്കാർ ആശുപത്രികളുടെ ശാക്തീകരണം, സ്കൂളുകളുടെ ഹൈടെക് വൽക്കരണം, മണ്ണ് - ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി സർക്കാർ മുന്നോട്ട് വെച്ച പദ്ധതികൾ ഓരോന്നും ബദലുകളാണ്. അത് പ്രാദേശിക ഭരണകൂടങ്ങളിലൂടെയാണ് വിജയിപ്പിക്കാൻ സാധിക്കുകയെന്നും എല്ലാവരും അതിനൊപ്പം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

 

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ  രണ്ടാം ഘട്ടത്തിൽ അനുവദിച്ച 79 വീടുകളുടെ താക്കോൽദാനമാണ് മന്ത്രി നിർവഹിച്ചത്. 2018 ജൂണിലാണ് വീടുകളുടെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഏഴ് വീടുകളുടെ നിർമ്മാണവും,  വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി ആയിരത്തോളം വീടുകളും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടു കൂടിയ റെക്കോർഡ് റൂം, ഫ്രന്റ് ഓഫീസ്, ഹെൽപ് ഡെസ്ക് സൗകര്യങ്ങളാണ് പഞ്ചായത്തിൽ ഒരുക്കിയിട്ടുള്ളത്. 

 

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത അധ്യക്ഷത വഹിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഐ വി നാരായണൻ, വൈസ്  പ്രസിഡണ്ട് കെ ജാനകി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി പി ഇബ്രാഹിംകുട്ടി, കെ ലളിത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി ജെ അരുൺ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ എൻ അനിൽ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ രാമകൃഷ്ണൻ, വി ഇ ഒ എൻ പി കമാലുദ്ദീൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date