Skip to main content
ശബരിമല സന്നിധാനത്ത് പോലീസ് സേനയുടെ ആദ്യ ബാച്ച് ചുമതല ഏല്‍ക്കുന്ന ചടങ്ങ് പോലീസ് കണ്‍ട്രോളര്‍ രാഹുല്‍ ആര്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

ശബരിമല സന്നിധാനത്ത് പോലീസിന്റെ ആദ്യ ബാച്ച് ചുമതലയേറ്റു

ശബരിമല മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. സന്നിധാനത്തെ വലിയ നടപ്പന്തലില്‍ നടന്ന ചടങ്ങ് പോലീസ് കണ്‍ട്രോളര്‍ രാഹുല്‍ ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
പോലീസ് ഉദ്യോഗസ്ഥര്‍ സേവന മനോഭാവത്തോടെ ഡ്യൂട്ടി ചെയ്യണമെന്ന് പോലീസ് കണ്‍ട്രോളര്‍ രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. പോലീസിന്റെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിച്ച് മാതൃകാപരമായ പെരുമാറ്റം ഉണ്ടാകണം. അയ്യപ്പന്‍മാരുടെ സംശയങ്ങള്‍ പരിഹരിച്ചു നല്‍കുകയും വഴികാട്ടിയാകുകയും ആവശ്യമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യണം. മോശമായ വാക്കുകള്‍ പറയാനോ, പ്രവര്‍ത്തിക്കാനോ പാടില്ല. ഡ്യൂട്ടിക്ക് ഭംഗം വരുന്ന രീതിയില്‍ പോലീസുകാര്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. ശബരിമലയില്‍ തീര്‍ഥാടകര്‍ കൂടുതലായി എത്തുമ്പോള്‍ സമചിത്തത കൈവിടാതെ സേവനം ചെയ്യണം. പതിനെട്ടാം പടിയില്‍ അയ്യപ്പന്‍മാരെ സൂക്ഷ്മതയോടെ കയറ്റി വിടണമെന്നും പോലീസ് കണ്‍ട്രോളര്‍ പറഞ്ഞു.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ മാത്രമേ പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂ എന്ന് സന്നിധാനം എ എസ് ഒ കെ.എന്‍. സജി പറഞ്ഞു. അപകടങ്ങള്‍ ഉണ്ടാകാതെ അയ്യപ്പന്‍മാരുടെ ജീവനും സ്വത്തിനും പോലീസുകാര്‍ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് കണ്‍ട്രോളര്‍ രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍  എഎസ് ഒ കെ എന്‍ സജിക്കു പുറമേ  10 ഡിവൈഎസ്പിമാരെ വിവിധ സെക്ടറുകളായി തിരിച്ചാണ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 30 ഇന്‍സ്‌പെക്ടര്‍മാര്‍, എസ് ഐ /എ എസ് ഐ 120 പേര്‍, എച്ച് സി / പി സി 1400 പേര്‍ എന്നിവര്‍ക്കു പുറമേ 135 അര്‍എഎഫ്, 45 എന്‍ ഡിആര്‍എഫ് ,അന്ധ്രയില്‍ നിന്നുള്ള 10 പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ളത്.

 

date