Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

 

രക്ഷിതാക്കള്‍ക്ക് പരിശീലനം
സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നീ വിഭാഗത്തില്‍പെട്ട ഭിന്നശേഷിയുള്ളവരുടെ രക്ഷാകര്‍ത്താക്കള്‍ക്ക് നിരാമയ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന  ആനുകൂല്യങ്ങളെ സംബന്ധിച്ച് ഇരിക്കൂര്‍ ബ്ലോക്ക്, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി  പരിധിയിലുള്ളവര്‍ക്ക് നവംബര്‍ 22 ന് രാവിലെ 9.30 മുതല്‍ ശ്രീകണ്ഠപുരം റോയല്‍ മിനി ഹാളില്‍ പരിശീലനം നല്‍കുന്നു.  ഗാര്‍ഡിയന്‍ഷിപ്പ് നാളിതുവരെ ലഭിക്കാത്തതും നിരാമയ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാത്തതുമായ രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കണം.  ഫോണ്‍: 0497 2712255.

റോഡ് പ്രവര്‍ത്തികള്‍ക്ക് താല്‍ക്കാലിക നിരോധനം
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് റോഡിലെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റോഡില്‍ കുഴിയെടുക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ നവംബര്‍ 17 മുതല്‍ 20 വരെ നിര്‍ത്തിവെക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശികയായി റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കള്‍ക്ക് കുടിശ്ശിക ഒറ്റത്തവണയായി അടച്ചു തീര്‍ക്കുമ്പോള്‍ നാല് ശതമാനം റവന്യൂ റിക്കവറി ചാര്‍ജ്ജ് ഇനത്തില്‍ ഇളവ് ലഭിക്കും.  ഇതിനു പുറമേ  രണ്ട് ശതമാനം പിഴപ്പലിശ ഇളവ് കോര്‍പ്പറേഷനും നല്‍കുന്നു.  കൂടാതെ നോട്ടീസ് ചാര്‍ജ്ജും ഈടാക്കില്ല.  ഗുണഭോക്താക്കള്‍ക്ക് 2020 മാര്‍ച്ച് 31 വരെ ഈ ആനുകൂല്യം ലഭ്യമാകുന്നതിനായി ജില്ലാ ഓഫീസുകളില്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഗുണഭോക്താക്കള്‍ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

സഹകരണ വാരാഘോഷം; സെമിനാര്‍ നടത്തി
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.  സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എം കെ ദിനേശ് ബാബു സെമിനാര്‍ ഉദ്ഘാടനം ചെയ്തു.  പരിശീലന കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പ്രിന്‍സിപ്പല്‍ കെ കെ സത്യപാലന്‍ അധ്യക്ഷനായി.  റിട്ട.ഡെപ്യൂട്ടി രജിസ്ട്രാര്‍ പി എം വത്സന്‍ അഞ്ചാംപീടിക, രാധാകൃഷ്ണന്‍ കാവുമ്പായി എന്നിവര്‍ വിഷയാവതരണം നടത്തി.  ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ ശശികുമാര്‍, പി അശോകന്‍, ടി പി സുനില്‍ കുമാര്‍, എന്‍ ചന്ദ്രന്‍, കെ സുരേശന്‍, പി രജിത, അണിയേരി ദിനേശന്‍, എം കെ ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.  

 ദുരന്ത നിവാരണ സമിതി രൂപീകരിച്ചു .
  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യു എന്‍ ഡി പി യും സംയുക്തമായി കേരളത്തിലെ 28 സ്‌കൂളില്‍ നടപ്പിലാക്കുന്ന സമഗ്ര  സ്‌കൂള്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി
മാട്ടൂല്‍ സി എച്ച് എം കെ എസ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌കൂള്‍ തല ദുരന്ത നിവാരണ സമിതി രൂപികരിച്ചു. പ്രധാന അധ്യാപകന്‍ കെ ജയപ്രകാശ് അധ്യക്ഷനും പ്രകാശന്‍ മാസ്റ്റര്‍ കണ്‍വീനറുമാണ്.  ഹെഡ്മാസ്റ്റര്‍ കെ ജയപ്രകാശ്  അധ്യക്ഷനായി.  മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.   പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പവിത്രന്‍, പഴയങ്ങാടി  പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ഷാജു, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍  അനൂപ്,  ശിവദാസ്, രാജേന്ദ്രന്‍, പ്രകാശന്‍ മാസ്റ്റര്‍, റോബര്‍ട്ട്, സയീദ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

 ലഹരി ബോധവല്‍ക്കരണം; പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
നാളത്തെ കേരളം ലഹരിമുക്ത നവകേരളത്തിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനായി വ്യക്തികള്‍ക്ക് പരിശീലനം നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നവംബര്‍ 24 ന് രാവിലെ ഒമ്പത് മണിക്ക് തൃശ്ശൂര്‍ സ്റ്റേറ്റ് എക്‌സൈസ് അക്കാദമി റിസര്‍ച്ച് സെന്ററിലാണ് പരിശീലനം. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, എം എസ് ഡബ്ല്യു യോഗ്യതയുള്ളവര്‍ 9995321554 (വിമുക്തി മിഷന്‍ മാനേജര്‍), 9447178065 (ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍), 0497 2706698 (എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, കണ്ണൂര്‍) നമ്പറില്‍ ബന്ധപ്പെടണം.

മൊറട്ടോറിയം; നവംബര്‍ 25 വരെ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ പ്രളയ ബാധിതമായി പ്രഖ്യാപിച്ച വില്ലേജുകളില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നടപ്പാക്കുന്ന വായ്പാ മൊറട്ടോറിയത്തിന് അപേക്ഷിക്കാനുള്ള അവസരം നവംബര്‍ 25 ന് അവസാനിക്കും.  അര്‍ഹരായവര്‍ വായ്പ എടുത്ത ബാങ്ക് ശാഖയില്‍ 25 ന് മുമ്പ് അപേക്ഷ നല്‍കി മൊറട്ടോറിയം ഉടമ്പടി ഒപ്പിട്ട് നല്‍കണം.  ഹ്രസ്വകാല-ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ എടുത്തിട്ടുള്ള വായ്പകള്‍, ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവയില്‍ ജൂലൈ 31 വരെ കുടിശ്ശികയില്ലാത്തവര്‍ക്ക് മൊറട്ടോറിയത്തിന് അപേക്ഷിക്കാം.

ടെണ്ടര്‍ ക്ഷണിച്ചു
പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസി സ്റ്റോര്‍, ഫാര്‍മസി എന്നിവിടങ്ങളില്‍ റീ വയറിംഗ് ചെയ്യുന്നതിന് അംഗീകൃത ബി ക്ലാസ് ഇലക്ട്രിക്കല്‍ ലൈസന്‍സ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  നവംബര്‍ 27 ന് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

പരാതി ബോധിപ്പിക്കാം
നവംബര്‍ 28 ന് ഉച്ചക്ക് രണ്ട് മണിക്ക് തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ നടക്കുന്ന പരാതി പരിഹാര സെല്‍ യോഗത്തില്‍ ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക്  പരാതി ബോധിപ്പിക്കാനുണ്ടെങ്കില്‍ നേരിട്ടോ അല്ലാതെയോ യോഗത്തിന് മുമ്പ് ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ടതാണ്.

 ഭരണാനുമതിയായി
സി കൃഷ്ണന്‍ എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ കരിവെള്ളൂര്‍ തെരുക്കുതിര് എ കെ ജി വായനശാല കെട്ടിട നിര്‍മാണ പ്രവൃത്തി നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

 രേഖകള്‍ ഹാജരാക്കണം
നാറാത്ത് ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ ആധാറുമായി ബന്ധിപ്പിച്ച് ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, തൊഴില്‍രഹിത വേതന വിതരണ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഡിസംബര്‍ 31 ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്:
സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ ഒരുക്കുന്ന ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (നവംബര്‍ 17) നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍, വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്, കേരള അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ കെ സൂരജ്, സംസ്ഥാന സെക്രട്ടറി ഡോ.സി ബി റജി, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് കോംപ്‌ളക്‌സിലാണ് സംഘാടകസമിതി ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.  ഇ മെയില്‍: ewsbckannur@gmail.com.  ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന വിളംബരജാഥയും നടക്കും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്ന് ആരംഭിച്ച് ഉദ്ഘാടനവേദിയില്‍ സമാപിക്കും.
ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ മേരി കോം ഉള്‍പ്പെടെയുള്ള പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ രണ്ടു മുതല്‍ എട്ടു വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് ആദ്യമായി ആതിഥ്യമരുളുന്ന കണ്ണൂരിലെ മത്സരത്തില്‍ നിന്നാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെയും 2020ല്‍ ടോക്കിയോവില്‍ നടക്കുന്ന ഒളിമ്പിക്‌സിലേക്കുള്ള ടീമിനെയും തെരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ യുവതികള്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

ദര്‍ഘാസ് ക്ഷണിച്ചു
എടക്കാട് ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അങ്കണപ്പൂമഴ, അസസ്‌മെന്റ് കാര്‍ഡുകള്‍, സാക്ഷ്യപത്രം എന്നിവ പ്രിന്റ് ചെയ്ത് തരുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.    ദര്‍ഘാസുകള്‍ നവംബര്‍ 20 ന് ഉച്ചക്ക് രണ്ട് മണി സ്വീകരിക്കും.
പി എന്‍ സി/4111/2019

date