Skip to main content

വിദ്യാലയം പ്രതിഭകളോടൊപ്പം: ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ധന്യ ആര്‍. കുമാര്‍ നിര്‍വഹിച്ചു. ഓരോ സ്‌കൂള്‍ അതിര്‍ത്തിയിലും കല, സാഹിത്യം, ശാസ്ത്രം, കായികം എന്നീ മേഖലകളില്‍ മികവു തെളിയിച്ച പ്രതിഭകളെ വീടുകളിലെത്തി ആദരിക്കുകയും ഇവര്‍ക്കൊപ്പം സംവദിക്കുകയും ചെയ്യുന്ന പദ്ധതിക്കാണ് ശിശുദിനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തുടക്കമിട്ടത്. അധ്യായനം നഷ്ടപ്പെടാത്ത തരത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. നവംബര്‍ 28 വരെയാണ് ഗൃഹസന്ദര്‍ശനം. ആലപ്പുഴ ഉപജില്ലയിലെ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മഹാരാജാസ് കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ പ്രൊഫ. എബ്രാഹാം അറയ്ക്കലിനെ ആദരിച്ചതോടെയാണ് പദ്ധതിക്ക് തുടക്കമായത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.ആര്‍ ഷൈല, എസ്.എസ്.എ പ്രൊജക്ട് ഓഫീസര്‍ സിദ്ധിഖ്, ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഹെഡ്മിസ്ട്രസ് റാണി തോമസ്, എസ്.എം.സി ചെയര്‍മാര്‍ ഷാജി കോയാപറമ്പില്‍, അധ്യാപകരായ കെ.ജെ നോബിള്‍, റോബി ഫാത്തിമ, ഷഹനാസ് എന്നിവര്‍ പങ്കെടുത്തു.

അമ്പലപ്പുഴ ഉപജില്ലയില്‍ നീര്‍ക്കുന്നം എസ്.ഡി.വി. ഗവ.യു.പി. സ്‌കൂളിലെ പദ്ധതിക്ക് നീര്‍ക്കുന്നം ധന്യയില്‍ ഡോ: പി. രാധാകൃഷ്ണന്റെ വസതിയില്‍ തുടക്കമായി. അയല്‍ക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ദര്‍ശനം ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ആശയങ്ങളാണ് അദ്ദേഹത്തിന്റെ മകന്‍ ഡോ.പി. രാധാകൃഷ്ണന്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചത്. ഹെഡ്മാസ്റ്റര്‍ മധുകുമാര്‍, അധ്യാപകരായ എസ്.സുരേഷ് കുമാര്‍, നദീറ, എസ്.എം.സി. ചെയര്‍മാന്‍ എച്ച്.സലാം എന്നിവര്‍ പങ്കെടുത്തു.

 

date